ഹരിദ്വാർ വിദ്വേഷ പ്രസംഗം; പ്രതികൾക്കൊപ്പം പൊട്ടിച്ചിരിച്ച്​ പൊലീസ്​

മുസ്‌ലിംകളെ കൂട്ടത്തോടെ കൊന്നൊടുക്കണമെന്ന്​ ആഹ്വാനം ചെയ്ത മതസമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥനൊപ്പം നിന്ന് പൊട്ടിച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് ഉദ്യോഗസ്ഥനായ രാകേഷ് കഥായിട്ടുമായി സംസാരിക്കുന്നതിന്‍റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ഡിസംബർ 16 മുതൽ 19 വരെ മൂന്ന് ദിവസങ്ങളിലായി ഹരിദ്വാറിലെ വേദ് നികേതൻ ധാമിൽ നടന്ന ധർമ സൻസദ്​ പരിപാടിയിലാണ് മുസ്‌ലിംകൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗങ്ങൾ നടന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ചുപേരാണ് ചൊവ്വാഴ്ച ഹരിദ്വാര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥനൊപ്പം പൊട്ടിച്ചിരിക്കുന്നത്.

വിദ്വേശ പ്രസംഗങ്ങൾ കഴിഞ്ഞ്​ ദിവസങ്ങൾ കഴിഞ്ഞിടും നടപടി എടുക്കാത്തതിൽ പൊലീസിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. സംഭവം കൂടുതൽ വിവാദമായതിന്​ ശേഷമാണ്​ പൊലീസ്​ കേസ്​ എടുക്കാൻ പോലും തയ്യാറായത്​. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ്​ കേസുകൾ എടുത്തിരിക്കുന്നത്​. ഒരാളെപോലും ഇതുവരെ അറസ്റ്റ്​ ചെയ്യുകയോ ചോദ്യം ചെയ്യുകയോ പോലും ഉണ്ടായിട്ടില്ല. അതിനിടെയാണ്​

മൗലാനമാര്‍ ഹിന്ദുക്കള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട്​ ഈ അഞ്ച് പേരും പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ധര്‍മ സന്‍സദ് സംഘാടകനും ഹിന്ദുരക്ഷാ സേനാ നേതാവുമായ പ്രബോധാനന്ദ ഗിരി, മതനേതാവ് യതി നരസിംഹാനന്ദ്, പൂജാ ശകുന്‍ പാണ്ഡേ എന്ന സാധ്വി അന്നപൂര്‍ണ, ശങ്കരാചാര്യ പരിഷത് മേധാവി ആനന്ദ് സ്വരൂപ്, മതംമാറി ജിതേന്ദ്ര നാരായണ്‍ എന്ന പേര്​ സ്വീകരിച്ച ശിയ വഖഫ്​ ബോർഡ്​ മുൻ ചെയർമാൻ വസീം റിസ്​വി എന്നിവരാണ് വീഡിയോലുള്ളത്. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ഹരിദ്വാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഇവരില്‍ മൂന്നുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

'നിങ്ങള്‍ക്ക് വിവേചനമില്ലെന്ന സന്ദേശമാണ് നിങ്ങള്‍ നല്‍കേണ്ടത്- മൗലാനമാര്‍ക്കെതിരായ പരാതിയുടെ പകര്‍പ്പുമായി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനോട് പൂജാ ശകുന്‍ പാണ്ഡെ പറയുന്നത് വീഡിയോയില്‍ കാണാം. നിങ്ങളൊരു സര്‍ക്കാര്‍ ഉദ്യോസ്ഥനാണ്. നിങ്ങള്‍ എല്ലാവരെയും തുല്യതയോടെ വേണം പരിഗണിക്കാന്‍. അതാണ് നിങ്ങളില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.


നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വിജയമുണ്ടാകട്ടെ' എന്നും പൂജ കൂട്ടിച്ചേര്‍ക്കുന്നു. ഇതിനു പിന്നാലെയാണ്, പൊലീസുകാരന്‍ നമ്മുടെ ആളാണെന്ന്, യതി നരസിംഹാനന്ദ് പറയുന്നത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ ചിരിക്കുന്നതും കാണാം. അതേസമയം പൊലീസുകാരന്‍ ഇവര്‍ പറയുന്നത് കേട്ട് ചിരിച്ചുകൊണ്ട് തലയാട്ടുകയും ചെയ്യുന്നുണ്ട്.

മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നതിന്‍റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതിന് ശേഷവും കേസെടുക്കാൻ പൊലീസ് മുതിർന്നിരുന്നില്ല. തുടർന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖർ ഇതിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്തെത്തിയ ശേഷമാണ് കേസെടുക്കാൻ പൊലീസ് തയാറായത്.

കേസ്​ എടുത്തവർക്കെതിരെ യു.എ.പി.എ ചുമത്തില്ലെന്നാണ് പൊലീസ് നിലപാട്. സംഭവത്തിൽ ആദ്യം വസീം റിസ്​വിക്കെതിരെ മാത്രമാണ്​ പൊലീസ്​ കേസ്​ എടുത്തിരുന്നത്​. 

Tags:    
News Summary - Haridwar Hate Speech-Givers, Cop Laugh ("He'll Be On Our Side"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.