ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടന ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വിവിധ മന്ത്രിമാര്‍ രാജിനല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാര്‍, മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍, മന്ത്രി സദാനന്ദ ഗൗഡ തുടങ്ങിയവര്‍ പുറത്തുപോകുന്നവരിലുള്‍പ്പെടും.
രാജ്യത്തെ കോവിഡ് സാഹര്യത്തെ നേരിട്ടത് മന്ത്രി ഹര്‍ഷവര്‍ധന്റെ നേതൃത്വത്തിലായിരുന്നു. രണ്ടാംതരംഗത്തെ കൈകാര്യം ചെയ്ത രീതിയില്‍ ആഗോളതലത്തില്‍ ഇന്ത്യ വിമര്‍ശനം നേരിട്ടിരുന്നു. പ്രവര്‍ത്തന മികവിലെ പോരായ്മകളാണ് ഹര്‍ഷവര്‍ധന്റെയും തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാറിന്റെയും വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന രമേശ് പൊഖ്രിയാലിന്റെയും പുറത്തുപോകലിന് കാരണമെന്നാണ് വിലയിരുത്തല്‍.
കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പലായനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തൊഴില്‍ വകുപ്പിന് ഒന്നും ചെയ്യാനായില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെക്കുകയും റദ്ദാക്കുകയും ചെയ്യേണ്ടിവന്ന കോവിഡ് സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത രീതിയിലും കേന്ദ്ര നേതൃത്വത്തിന് തൃപ്തി പോരാ.
മന്ത്രിസഭ പ്രവേശനത്തിന് സാധ്യതയുള്ള നേതാക്കളെ ഇന്നലെ തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. 43 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു നേതാവ് ആര്‍.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവര്‍ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗവും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറും മന്ത്രിയായേക്കും. അനുരാഗ് താക്കൂര്‍,ജി കിഷന്‍ റെഡ്ഡി, പര്‍ഷോതം രുപാല എന്നിവര്‍ക്ക് കാബിനറ്റ് മന്ത്രിമാരായി പ്രമോഷന്‍ ലഭിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.