ബി.ജെ.പി വിട്ട് ഹർഷ് വർധൻ പാട്ടീൽ ശരദ് പവാറിന്റെ എൻ.സി.പിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കെ, ബി.ജെ.പിയെ ഞെട്ടിച്ച് ശരദ് പവാർ നയിക്കുന്ന എൻ.സി.പിയിൽ ചേരാൻ മുൻ മന്ത്രി ഹർഷ് വർധൻ പാട്ടീലിന്റെ തീരുമാനം. ഉടൻ എൻ.സി.പിയിൽ ചേരുമെന്ന് ഹർഷ് വർധൻ അനുയായികളെ അറിയിച്ചു. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തീരുമാനം.

''കഴിഞ്ഞ രണ്ടുമാസമായി ഇന്ദാപൂർ മണ്ഡലത്തിൽ സഞ്ചരിക്കുകയായിരുന്നു. ഇവിടെയുള്ള എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങൾ അടുത്തറിയാൻ അതിലൂടെ സാധിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായി മനസിലായി.​ എൻ.സി.പി നേതാവുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹവും പിന്തുണ നൽകി. തുടർന്ന് അനുയായികളോട് സംസാരിച്ച് എൻ.സി.പിയിൽ ചേരാൻ തീരുമാനിച്ചു.''-ഹർഷ് വർധൻ പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.

പുണെയിലെ ഇന്ദാപൂർ മണ്ഡലത്തിൽ നിന്നാണ് ഹർഷ് വർധൻ ജനവിധി തേടുക. നാലു തവണ ഈ മണ്ഡലം പ്രതിനിധീകരിച്ചിട്ടുണ്ട് ഇദ്ദേഹം. ഒക്ടോബർ ഏഴിന് ഇന്ദാപൂരിൽ നടക്കുന്ന റാലിയിലായിരിക്കും ഹർഷ് വർധന്റെ എൻ.സി.പി പ്രവേശം. ഹർഷ് വർധന്റെ മകൾ അങ്കിത പാട്ടീലും എൻ.സി.പി അംഗത്വമെടുക്കും.

2019ലാണ് കോൺഗ്രസ് വിട്ട് ഹർഷ് വർധൻ ബി.ജെ.പിയിൽ ചേർന്നത്. ഇന്ദാപൂരിൽ തന്നെ തഴഞ്ഞ് ഘടക കക്ഷിയായ എൻ.സി.പി(അജിത് പവാർ വിഭാഗം)ക്ക് സീറ്റ് നൽകാൻ ബി.ജെ.പി തീരുമാനിച്ചതാണ് ഹർഷ് വർധനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്.

Tags:    
News Summary - Harshvardhan Patil Says Will Join Sharad Pawar's NCP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.