കോൺഗ്രസ് യുവാക്കളെ ലഹരിയുടെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുപോകുന്നു- വിവാദ പരാമർശവുമായി അമിത് ഷാ

ന്യൂഡൽഹി: മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് യുവാക്കളെ കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന വിവാദ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി പൊലീസ് തലസ്ഥാന നഗരിയിൽ നിന്ന് 5600 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിനു പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രതികരണം. സംഭവത്തിൽ തുഷാർ ഗോയൽ എന്ന 40കാരനെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ഇയാ​ളാണ് മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരനെന്നും പൊലീസ് വ്യക്തമാക്കി. ​

തുഷാർ ഗോയൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് കോൺഗ്രസിനെതിരെ അമിത് ഷാ ആരോപണം തൊടുത്തത്. ഇയാളുടെ ഫേസ്ബുക് ബയോയിൽ ഡി.വൈ.പി.സി ഡൽഹി പ്രദേശ് ആർ.ടി.ഐ സെൽ ചെയർമാൻ, ഇന്ത്യൻ യൂത്ത് കോൺഗ്രസ് എന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് 2022 ഒക്ടോബറിൽ ഗോയലിനെ പുറത്താക്കിയതാണെന്നായിരുന്നു ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രതികരണം.

ഗോയലിന്റെ കോൺഗ്രസ് പശ്ചാത്തലം ലജ്ജാകരവും അപകടകരവുമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഒരിടത്ത് മോദിസർക്കാർ മയക്കുമരുന്നിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമ്പോൾ, പ്രമുഖ കോൺഗ്രസ് നേതാവ് 5600 കോടി രൂപയുടെ മയക്കുമരുന്ന് വിൽപ്പന നടത്തുകയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തലസ്ഥാനം മയക്കുമരുന്ന് ശൃംഖലയാക്കാനുള്ള കോൺഗ്രസ് നേതാവിന്റെ ആഗ്രഹം മോദിസർക്കാറിന്റെ കാലത്ത് നടപ്പാകില്ല -അമിത് ഷാ പറഞ്ഞു.

Tags:    
News Summary - Amit Shah on Delhi drug bust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.