ന്യൂഡൽഹി: സി.പി.എമ്മിനെയും ബി.ജെ.പിയെയും യോജിപ്പിക്കുകയാണ് പി.ആര്‍. ഏജന്‍സികളുടെ ജോലിയെന്നും അവയെ ആശ്രയിക്കേണ്ട ഗതികേടാണ് കേരള മുഖ്യമന്ത്രിക്കെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കേരളം അപകടത്തിലാണെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള പ്രചരണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുകയായിരുന്നു മുഖ്യമന്ത്രിയുടെ പേരില്‍ പ്രസിദ്ധീകരിച്ച അഭിമുഖമെന്നും കേരളത്തിന്റെ മത സൗഹാർദം തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ എരിതീയില്‍ എണ്ണപകരുന്ന നടപടിയാണിതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
‘ദ ഹിന്ദു പത്രത്തിലെ മലപ്പുറം ജില്ലയെ അവഹേളിക്കുന്ന അഭിമുഖത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തടി തപ്പാനുള്ള ശ്രമമാണ്. പത്രത്തിന്റെയും മുഖ്യമന്ത്രിയുടെയും വിശദീകരണങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുണ്ട്. അതിന് കൃത്യമായ മറുപടി നല്‍കണം. മുഖ്യമന്ത്രി ഉത്തരം മുട്ടിയപ്പോള്‍ ബ്ബ ബ്ബ ബ്ബ പറയുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഗൗരവമുള്ളതാണ്. അഭിമുഖം പ്രസിദ്ധീകരിച്ച് 48 മണിക്കൂര്‍ കഴിഞ്ഞാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരണവുമായി രംഗത്ത് വന്നത്. ഇത് അസ്വാഭാവികമാണ്. എന്തുകൊണ്ട് അഭിമുഖം വന്ന അന്ന് തന്നെ പ്രതികരിച്ചില്ല എന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
സി.പി.എം പ്രതിനിധികള്‍ ചാനല്‍ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ മലപ്പുറം ജില്ലയിലെ പരാമര്‍ശത്തെ ന്യായീകരിക്കുന്ന വാദഗതികളാണ് നടത്തിയത്. കേരള പൊലീസില്‍ ആര്‍.എസ്.എസ് വൽകരണം ഉണ്ടെന്ന് പറഞ്ഞത് സി.പി.ഐ ദേശീയ നേതാവ് ആനി രാജയാണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയാണ് പ്രധാന ജോലി. അതിനെ നിസ്സാരവത്കരിച്ച് ലാഘവത്തോടെയാണ് മുഖ്യമന്ത്രിയെടുക്കുന്നത്. ആത്മാർഥതയുണ്ടെങ്കില്‍ പൂരം കലക്കലിൽ ഒറ്റ അന്വേഷണം മതി. അതില്ലാത്തതിനാലാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഇത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാണ്.
പി.വി.അന്‍വര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത് യു.ഡി.എഫിന് പ്രതിസന്ധിയല്ല. ഇത്രയും നാള്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും എതിരെ യു.ഡി.എഫ് ഉന്നിയിച്ച ആരോപണങ്ങള്‍ തന്നെയാണ് ഭരണപക്ഷ എംഎല്‍എ അന്‍വറും ഉന്നയിച്ചത്. പുതുതായി ഒന്നുമില്ല. ഭരണപക്ഷത്ത് നിന്നുള്ള അംഗം അത് പറയുമ്പോള്‍ യു.ഡി.എഫിന്റെ ആരോപണങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരീകരണം നല്‍കുന്നു എന്ന് മാത്രമേയുള്ളൂ എന്നും കെ.സി.വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.