ബംഗളൂരു: മറ്റ് മതസ്ഥർക്കെതിരെ ആയുധം കൈയിലെടുക്കണമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.പി. പ്രജ്ഞ സിങ് ഠാകുറിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനകാമ്പയിൻ. https://bit.ly/DisqualifyMPPragya എന്ന ലിങ്കിലൂടെ ഗൂഗ്ൾ ഫോം പൂരിപ്പിച്ചാണ് കാമ്പയിനിൽ പങ്കാളികളാകേണ്ടത്. കാമ്പയിൻ എഗൈൻസ്റ്റ് ഹേറ്റ് സ്പീച്ച്, ബഹുത്വ കർണാടക, ആൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ്, പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് -കർണാടക (പി.യു.സി.എൽ) എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് കാമ്പയിൻ.
ഡിസംബർ 25ന് ശിവ്മൊഗ്ഗയിൽ നടന്ന ഹിന്ദുജാഗരണ വേദികെയുടെ സമ്മേളനത്തിലാണ് പ്രജ്ഞ പ്രകോപന പ്രസംഗം നടത്തിയത്. ഹിന്ദുക്കൾ ആയുധങ്ങൾ എടുക്കണം, പച്ചക്കറി അരിയുന്ന കത്തിയാണെങ്കിലും മൂർച്ച കൂട്ടിവെക്കണം, മിഷനറിമാർ നടത്തുന്ന സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കരുത് തുടങ്ങിയ പ്രസ്താവനകളാണ് നടത്തിയത്. പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ശിവ്മൊഗ്ഗ പൊലീസ് പ്രജ്ഞക്കെതിരെ കേസെടുത്തിരുന്നു.
എം.പിയെ അയോഗ്യയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാമ്പയിനിലൂടെ ലോക്സഭ സ്പീക്കർക്ക് തുറന്ന കത്ത് അയക്കും. മുസ്‍ലിംകൾ ശത്രുക്കളാണെന്നും അവരുടെ തലവെട്ടാനുള്ള ആഹ്വാനമാണ് പ്രജ്ഞ നടത്തിയതെന്നും വംശഹത്യ ആഹ്വാനം ഒരു പാർലമെന്റ് അംഗം നടത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു.
സമുദായസൗഹാർദവും ദേശീയ ഐക്യവും തകർക്കണമെന്ന് മനഃപൂർവം ഉദ്ദേശിച്ചാണ് എം.പി പ്രസംഗിച്ചത്. സത്യപ്രതിജ്ഞയുടെ ലംഘനമാണ് നടത്തിയതെന്നും കത്തിൽ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയുടെ ലിങ്ക്, വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ ലിങ്കുകൾ എന്നിവയും കത്തിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.