അലിഗഢിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിലെ മെഡികോ-ലീഗൽ പരിശോധന റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ

യു.പി പൊലീസി​െൻറ വാദത്തിന് തിരിച്ചടി; ഹാഥറസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ലഖ്നോ: ഹാഥറസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നില്ലെന്ന യു.പി പൊലീസി​െൻറ വാദത്തിന് ആദ്യ തിരിച്ചടിയായി മെഡിക്കോ ലീഗൽ റിപ്പോർട്ട്. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നെന്നാണ് പ്രാഥമിക പരിശോധന നടത്തിയ ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ ബലപ്രയോഗത്തിലൂടെ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചതായും പ്രതികൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പെൺകുട്ടിയെ ചികിത്സിച്ച അലിഗഢിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജി​െൻറ (ജെ.എൻ.എം.സി.എച്ച്) മെഡികോ-ലീഗൽ പരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സെപ്റ്റംബർ 14 നാണ് പെൺകുട്ടിയെ ജെ.എൻ.എം.സി.എച്ചിൽ പ്രവേശിപ്പിച്ചത്. എന്നാൽ 22നാണ് പീഡനവിവരം പെൺകുട്ടി ഡോക്ടർമാരെ അറിയിക്കുന്നത്. പെൺകുട്ടി അബോധാവസ്ഥയിൽ ആയതിനാലായിരിക്കാം ഇക്കാര്യം വെളിപ്പെടുത്താൻ വൈകിയതെന്നാണ് ഡോക്ടർമാരുടെ നിഗമനം.

പീഡനകാര്യം വെളിപ്പെടുത്തിയ അന്നുതന്നെ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് വ്യക്തമായതെന്ന് മെഡിക്കൽ എക്സാമിനറായ ജെ.എൻ.എം.സി.എച്ചിലെ അസിസ്റ്റൻ്റ് പ്രഫസർ ഡോ. ഫായിസ് അഹമ്മദ് പറയുന്നു. ധുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആഗ്രയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള പരിശോധന ഫലം കൂടി വന്നാലേ കൂടുതൽ കാര്യങ്ങൾ സ്ഥിരീകരിക്കാൻ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടിയുടെ ശരീരത്തിൽ ബീജം കണ്ടെത്തിയില്ല എന്ന വാദം ഉയർത്തിയാണ് ബലാൽസംഗം നടന്നിട്ടില്ലെന്ന നിലപാടുമായി യു.പി പൊലീസ് രംഗത്തെത്തിയത്.

എന്നാൽ, പ്രതികൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചാൽ ശരീരത്തിൽ ബീജത്തി​െൻറ അംശം കണ്ടെത്താൻ കഴിയില്ലെന്ന് ജെ.എൻ.എം.സി.എച്ചിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഹാഥറസ് സംഭവത്തിൽ അതുണ്ടായോ എന്ന് പരിശോധിക്കേണ്ടത് പൊലീസാണ്. മുൻകൂട്ടി തീരുമാനിച്ചാണ് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തതെങ്കിൽ ഇത്തരം മുൻകരുതലുകൾ എടുക്കാൻ സാധ്യതയുണ്ടെന്ന നിഗമനവും ഡോക്ടർമാർ പങ്കുവെക്കുന്നു.

അലിഗഢിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിലെ മെഡികോ-ലീഗൽ പരിശോധന റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ

 പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വൈകിയതിനാൽ ബലാത്സംഗത്തിന് ഇരയായി പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഫോറൻസിക് ലാബിലേക്ക് സാമ്പിളുകൾ അയച്ചത്. ഇതിനാൽ നിർണായക തെളിവുകൾ നഷ്ടപ്പെട്ടിട്ടുണ്ടായേക്കാമെന്ന ആശങ്കയും ഡോക്ടർമാർ പങ്കുവെക്കുന്നു. ബലാൽസംഗം നടന്നെന്ന് 22ന് പെൺകുട്ടി വെളിപ്പെടുത്തിയെങ്കിലും 25നാണ് ഫോറൻസിക് ലാബുകാർ സാമ്പിളുകൾ ശേഖരിച്ചത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.