'ഇത്തരം രീതികൾ പരിഷ്കൃത സമൂഹത്തിന് അനുയോജ്യമല്ല'; വിധവക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചതിനെതിരെ മദ്രാസ് ഹൈകോടതി

ചെന്നൈ: ഭർത്താവ് മരിച്ച സ്ത്രീക്ക് ഇക്കാരണത്താൽ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് മദ്രാസ് ഹൈകോടതി. ഇത്തരം അയിത്തങ്ങൾ പരിഷ്കൃത സമൂഹത്തിന് അനുയോജ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീക്ക് അവളുടേതായ സ്വത്വമുണ്ട്. അത് വിവാഹനിലക്കനുസരിച്ച് മാറുന്നതല്ലെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷ് പറഞ്ഞു.

തമിഴ്നാട് ഈറോഡ് ജില്ലയിലെ നമ്പിയൂർ സ്വദേശി തങ്കമണി എന്ന സ്ത്രീയാണ് ഹരജിയുമായെത്തിയത്. ഭർത്താവ് മരിച്ചു എന്ന കാരണത്താൽ ഇവരെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. തുടർന്നാണ് തനിക്ക് ഉത്സവത്തിൽ പങ്കെടുക്കാൻ പൊലീസ് സംരക്ഷണം തേടി ഇവർ ഹൈകോടതിയെ സമീപിച്ചത്.

ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഇവരുടെ ഭർത്താവ് ഏതാനും മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ആഗസ്റ്റ് ഒമ്പത്, പത്ത് ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണ്. സ്ത്രീയും മകനും ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിധവയായതിനാൽ ക്ഷേത്രവളപ്പിൽ പ്രവേശിക്കരുതെന്ന് ചിലർ ഇവരെ ഭീഷണിപ്പെടുത്തി. ഇതിനെതിരെ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലാതായതോടെയാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്.

ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീയെ അപമാനിക്കുന്നതാണ് ഇത്തരം രീതികളെന്ന് കോടതി നിരീക്ഷിച്ചു. പുരുഷന്മാരുണ്ടാക്കിയതാണ് ഇത്തരം അയിത്തങ്ങൾ. നിയമവാഴ്ച നിലവിലുള്ള നാട്ടിൽ ഇത് അനുവദിക്കാനാവില്ല. വിധവയാണെന്ന കാരണത്താൽ ഏതെങ്കിലും വിവേചനങ്ങൾ കാണിച്ചാൽ നിയമപ്രകാരമുള്ള നടപടികളെടുക്കണമെന്നും കോടതി നിർദേശിച്ചു. 

Tags:    
News Summary - HC frowns at widow being denied entry into temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.