ന്യൂഡൽഹി: ഒരുവർഷത്തിനിടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളിൽ 11 ശതമാനവും നിരസിക്കപ്പെട്ടതായി ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) റിപ്പോർട്ട്. ഇതേ കാലയളവിൽ വിവിധ കമ്പനികളിലായി ആറുശതമാനം ക്ലെയിമുകളിൽ ഇനിയും തീർപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് പുതുതായി ഇൻഷുറൻസ് പദ്ധതികളിൽ അംഗത്വമെടുക്കുന്നവരുടെ എണ്ണത്തിലും തുടർച്ചയായ രണ്ടാംവർഷവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ സംരക്ഷണ ചെലവുകളും വേതനനിരക്കും ഉപഭോക്തൃ വില സൂചികയിൽ രേഖപ്പെടുത്തുന്ന പണപ്പെരുപ്പത്തേക്കാൾ ഉയർന്ന് തുടരുകയാണ്. ഈ സാഹചര്യം വരുന്ന സാമ്പത്തികവർഷം ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളിൽ മൂന്ന് ശതമാനം വർധനക്ക് കാരണമാകുമെന്നാണ് ഐ.ആർ.ഡി.എ കണക്കുകൂട്ടൽ. 2023 -24ൽ വിവിധ സേവനദാതാക്കൾ 2.69 കോടി ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കിയതിലായി 83,493 കോടിയാണ് ഉപഭോക്താക്കൾക്ക് നൽകിയത്. ഒരു ക്ലെയിമിന് ശരാശരി 31,000 രൂപ നൽകിയതായും റിപ്പോർട്ട് പറയുന്നു. തീർപ്പാക്കിയ ക്ലെയിമുകളുടെ എണ്ണത്തിൽ 72 ശതമാനവും തേർഡ് പാർട്ടി ഏജൻസികൾ (ടി.പി.എ) വഴിയായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2023 -24ൽ ആരോഗ്യ ഇൻഷുറൻസ് വിഭാഗത്തിലെ പ്രീമിയം ശേഖരണത്തിൽ 20.32 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇൻഷുറൻസ് പരിരക്ഷയുള്ളവരിൽ 45 ശതമാനവും സർക്കാറിന്റെ വിവിധ പദ്ധതികൾ വഴിയോ ഇതര സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്ന ഗ്രൂപ് പോളിസി വഴിയോ ഉള്ളവരാണ്. രാജ്യത്ത് 10 ശതമാനം ആളുകൾ മാത്രമാണ് വ്യക്തിഗതമായ രീതിയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തേടുന്നത്.
ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളിൽ 18 ശതമാനം നികുതിയാണ് സർക്കാർ ഈടാക്കുന്നത്. ഇന്ത്യയിൽ ഇൻഷുറൻസ് വ്യാപനനിരക്കിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ ആഗോളതലത്തിൽ ഇതേ കാലയളവിൽ വളർച്ചയായിരുന്നു രേഖപ്പെടുത്തിയത്. 2022ൽ 6.8 ശതമാനം ആയിരുന്ന ഇൻഷുറൻസ് വ്യാപനം 2023ൽ ആഗോളതലത്തിൽ ഏഴു ശതമാനമായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.