ന്യൂഡൽഹി: 2021 ജൂലൈയോടെ ഇന്ത്യയിലെ 20-25 കോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. 40 മുതൽ 50 കോടിയോളം ഡോസ് വാക്സിനാണ് സർക്കാർ വാങ്ങി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴി നടത്തുന്ന 'സൺഡെ സംവാദ്' എന്ന ചർച്ചയുടെ നാലാമത് എഡിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് അതിവേഗം പടരാൻ സാധ്യതയുള്ള ഹൈറിസ്ക് വിഭാഗം ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. ഈ വിഭാഗം ആളുകളെ കണ്ടെത്താനുള്ള ശ്രമം കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാനങ്ങളുടെ സഹായം തേടും. കോവിഡ് രോഗികളെ കണ്ടെത്തൽ, രോഗ പരിശോധന, ചികിൽസ തുടങ്ങിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, ആശ വർക്കർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ പട്ടിക ഒക്ടോബർ അവസാനത്തോടെ കൈമാറാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് വാക്സിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളാണ് ഇന്ത്യയിൽ പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുടെ 'സ്പുട്നിക് V'ൻ്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെത്തുന്ന വാക്സിൻ്റെ ഓരോ ഡോസും കൃത്യമായി അർഹതപ്പെട്ടവരിൽ എത്തുന്നുവെന്നും അവ കരിഞ്ചന്തയിൽ എത്തുന്നില്ലെന്നും ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണം നടത്തും. മുൻകൂട്ടി തീരുമാനിച്ച രീതിയിൽ തന്നെ മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ വിതരണം ചെയ്യും. ഇക്കാര്യത്തിൽ വിശദാംശങ്ങൾ വരുംമാസങ്ങളിൽ വെളിപ്പെടുത്തും.
വാക്സിൻ ലഭ്യമാക്കുന്നതിനായി നിതി ആയോഗ് അംഗം വി.കെ. പോളിന്റെ അധ്യക്ഷതയിൽ ഉന്നതതല സമിതി നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ വാക്സിൻ സംഭരിക്കുകയും കൂടുതൽ അത്യാവശ്യക്കാർക്ക് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.