ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗഢ്‌വാളിൽ കനത്ത ഹിമപാതമുണ്ടായ സ്ഥലത്ത് നിന്ന് 10 മൃതദേഹങ്ങൾ കൂടി സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ വെള്ളിയാഴ്ച കണ്ടെടുത്തു. ഇതോടെ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയി. അതിൽ 24 പേർ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങിലെ ട്രെയിനികളാണ്. മറ്റു രണ്ടുപേർ എൻ.ഐ.എം ഇൻസ്ട്രക്ടർമാരും. കാണാതായ മൂന്ന് ട്രെയിനികളെക്കൂടി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഗുൽമാർഗിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. 14 പേരെ രക്ഷപ്പെടുത്തിയിരുന്നു.
മോശം കാലാവസ്ഥയാണ് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. അതേസമയം, ഹിമപാതത്തിന് ശേഷം ആദ്യമായി ഹെലികോപ്റ്ററിൽ നിന്ന് എടുത്ത ചിത്രങ്ങൾ പുറത്തുവന്നു. ഇതിൽ ദുരന്തം നടന്ന സ്ഥലവും 29 പർവതാരോഹകർ തെന്നിവീണ വിള്ളലും കണ്ടെത്തിയിട്ടുണ്ട്. ദ്രൗപതി ദണ്ഡ 2 കൊടുമുടിയിലുണ്ടായ ഹിമാപാതത്തിൽ 28 പർവതാരോഹകരാണ് കുടുങ്ങിയത്.
ഹിമാലയത്തിലെ ഗംഗോത്രി ശ്രേണിയിലാണ് ദ്രൗപതി ദണ്ഡ കൊടുമുടി സ്ഥിതി ചെയ്യുന്നത്. പർവതാരോഹകർ 50 മീറ്റർ-60 മീറ്റർ അകലെയിരിക്കെയാണ് സംഭവം നടന്നതെന്ന് ഏറ്റവും പുതിയ ദൃശ്യങ്ങളും സ്ഥിരീകരിക്കുന്നു. ചൊവ്വാഴ്ച 17,500 അടി ഉയരത്തിലായിരുന്നു ദുരന്തം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.