ന്യൂഡൽഹി: എം.പിമാരുടെ സസ്പെൻഷനിൽ പ്രതികരിച്ച് ബി.ജെ.പി എം.പിയും നടിയുമായ ഹേമ മാലിനി. ഒരുപാട് ചോദ്യങ്ങൾ ചോദിച്ചതുകൊണ്ടാണ് എം.പിമാരെ സസ്‌പെൻഡ് ചെയ്തതെന്ന് ഹേമ മാലിനി പറഞ്ഞു.
"ഒരുപാട് ചോദ്യങ്ങൾ ചോദിച്ചതുകൊണ്ടാണ് എം.പിമാരെ സസ്‌പെൻഡ് ചെയ്തത്. അവർ തെറ്റ് ചെയ്തു. എല്ലാവരും പാർലമെന്റ് ചട്ടങ്ങൾക്കനുസൃതമായി പെരുമാറണം. അവർ അങ്ങനെ ചെയ്യാത്തതിനാൽ സസ്‌പെൻഡ് ചെയ്തു. അതിനാൽ സസ്പെൻഷനിൽ തെറ്റൊന്നുമില്ല" - ഹേമ മാലിനി പറഞ്ഞു.
ഹേമ മാലിനിയുടെ പ്രതികരണം വന്നശേഷം അവസാനം ബി.ജെ.പി എം.പി പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷന്‍റെ യഥാർഥ കാരണം വെളിപ്പെടുത്തിയെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്. ഹേമ മാലിനി മാധ്യമങ്ങളോട് സംസാരിക്കുന്ന വിഡിയോ തെലങ്കാന കോൺഗ്രസ് നേതാവ് റാം മോഹൻ റെഡ്ഡി സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബി.ജെ.പി എം.പിയുടെ പാസ് ഉപയോഗിച്ച് പാർലമെന്റിൽ അക്രമികൾ അതിക്രമിച്ചുകടന്ന സംഭവത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ ബഹളത്തിന്റെ പേരിലാണ് ലോക്‌സഭയിലെ 95ഉം രാജ്യസഭയിലെ 46 ഉം എം.പിമാരെ സസ്‌പെൻഡ് ചെയ്തത്. പാർലമെന്റ് സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്ത എം.പിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ ഡിസംബർ 22 ന് ഇൻഡ്യ മുന്നണി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.