ഡൽഹി മദ്യനയം: മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ചു

ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതിക്കേസിൽ കെജ്രിവാൾ സർക്കാറിലെ മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചു. മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിനേശ് കുമാർ ശർമയുടെ ഏകാംഗ ബെഞ്ച് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ച ഹൈകോടതി നടപടിക്കെതിരെ സിസോദിയ സുപ്രീംകോടതിയെ സമീപിക്കും.

മനീഷ് സിസോദിയ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചത്.

സി.ബി.ഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കണക്കിലെടുത്ത് റോസ് അവന്യൂ കോടതി സിസോദിയയുടെ കസ്റ്റഡി ജൂൺ ഒന്നുവരെ നീട്ടി. കൂടാതെ, സിസോദിയക്ക് ജയിലിൽ മേശയും കസേരയും പുസ്തകങ്ങളും നൽകണമെന്നും കോടതി നി​ർദേശിച്ചു.

ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപ്പന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപികരിച്ചത് സിസോദിയയാണെന്നുമാണ് സി.ബി.ഐയുടെ ആരോപണം. കൂടാതെ, 2022 ജൂലൈക്ക് മുമ്പ് സിസോദിയ ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകൾ നശിപ്പിച്ചുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതായും സി.ബി.​ഐ വ്യക്തമാക്കി.

2020 ജനുവരി ഒന്നു മുതൽ 2022 ആഗസ്ത് 19 വരെ മൂന്ന് ഫോണുകൾ സിസോദിയ ഉപയോഗിച്ചിട്ടുണ്ട്. അവസാനം ഉപയോഗിച്ച ഫോൺ പിടിച്ചെടുത്തു. മറ്റ് രണ്ട് ഫോണുകൾ സിസോദിയ നശിപ്പിച്ചുവെന്നും സി.ബി.ഐ വ്യക്തമാക്കി. ഫെബ്രുവരി 26നാണ് സി.ബി.ഐ സിസോദിയയെ അറസ്ററ് ചെയ്തത്.

Tags:    
News Summary - High Court Rejects Manish Sisodia's Bail Request

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.