Representative Image

ഹിജാബ് വിലക്ക്: സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാർ

ബംഗളൂരു: കർണാടകയിലെ കോളജുകളിലെ ശിരോവസ്ത്ര വിലക്ക് ശരിവെച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരായ ഉഡുപ്പി ഗവ. ഗേൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥിനികൾ. ഹൈകോടതി ഉത്തരവിന്റെ പൂർണരൂപം ലഭിച്ച ശേഷം നടപടികൾ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഉഡുപ്പി ഗവ. ഗേൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാർഥികൾക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഇതിനെ തുടർന്ന് മറ്റ് കോളജുകളിലും ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാർ അനുകൂല വിദ്യാർഥി സംഘടനകൾ രംഗത്ത് വന്നു. ഇതോടെ സംസ്ഥാനത്തെ കാമ്പസുകളിൽ സംഘർഷ സാഹചര്യമുണ്ടാവുകയായിരുന്നു.

ശിരോവസ്ത്രം ഇസ്​ലാമിൽ അനിവാര്യമായ ആചാരമല്ലെന്ന കർണാടക സർക്കാരിന്‍റെ പ്രധാന വാദം ശരിവെച്ചുകൊണ്ടാണ് ഹൈകോടതിയുടെ ഇന്നത്തെ വിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവിനെ ഹൈകോടതി പിന്തുണച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം പാടില്ലെന്നും കോടതി ഉത്തരവിട്ടു. യൂനിഫോം നിർബന്ധമാക്കിയത് മൗലികാവകാശ ലംഘനമല്ല. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്‍റെ ഭാഗമല്ലെന്നും അങ്ങനെയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹരജിക്കാർക്ക് ഹാജരാക്കാനായില്ലെന്നും ശിരോവസ്ത്ര വിലക്ക് തുടരുന്നതിൽ ഭരണഘടനാ ലംഘനമില്ലെന്നും ഹൈകോടതി വ്യക്തമാക്കി ഹരജികൾ തള്ളുകയായിരുന്നു. 

Tags:    
News Summary - Hijab ban Petitioners to approach supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.