ശിരോവസ്ത്ര വിലക്ക്; കോടതി പരിഗണിച്ചത് മൂന്ന് ചോദ്യങ്ങൾ

ബംഗളൂരു: ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള വിദ്യാർഥിനികളുടെ ഹരജി പരിഗണിക്കവേ കർണാട ഹൈകോടതി വിശാല ബെഞ്ച് പരിശോധിച്ചത് മൂന്ന് കാര്യങ്ങൾ. 

1. ശിരോവസ്ത്രം ഇസ്​ലാം മതവിശ്വാസത്തിൽ നിർബന്ധമുള്ള കാര്യമാണോ?

2. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിഫോം നിർബന്ധമാക്കിയത് മൗലികാവകാശ ലംഘനമാണോ?

3. സർക്കാറിന്‍റെ ശിരോവസ്ത്ര നിരോധന ഉത്തരവ് റദ്ദാക്കേണ്ടതുണ്ടോ?

ശിരോവസ്ത്രം ഇസ്​ലാമിൽ അനിവാര്യമായ ആചാരമല്ലെന്ന കർണാടക സർക്കാരിന്‍റെ പ്രധാന വാദം കോടതി ശരിവെക്കുകയാണുണ്ടായത്. ഇസ്​ലാം മതവിശ്വാസ പ്രകാരം ഒഴിവാക്കാൻ കഴിയാത്ത ആചാരമാണ് ശിരോവസ്ത്രം ധരിക്കുകയെന്നതെന്നും അത് അവരുടെ മൗലികാവകാശമാണെന്നും ഇതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ അധികാരമില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വികസന സമിതികൾ നിശ്ചയിക്കുന്ന ഡ്രസ് കോഡ് നിർബന്ധമാക്കി ശിരോവസ്ത്രത്തിന് വിലക്കേർപ്പെടുത്തിയ കർണാടക സർക്കാരിന്‍റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന ഹരജിക്കാരുടെ വാദവും ഹൈകോടതി തള്ളി.

യൂനിഫോം നിർബന്ധമാക്കിയത് മൗലികാവകാശ ലംഘനമല്ല. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്‍റെ ഭാഗമല്ലെന്നും അങ്ങനെയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹരജിക്കാർക്ക് ഹാജരാക്കാനായില്ലെന്നും ശിരോവസ്ത്ര വിലക്ക് തുടരുന്നതിൽ ഭരണഘടനാ ലംഘനമില്ലെന്നും ഹൈകോടതി വ്യക്തമാക്കി. അതിനാൽ സർക്കാറിന്‍റെ ഉത്തരവ് തള്ളാൻ കാരണം കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഹൈകോടതി വിധി എതിരായതോടെ ഹരജിക്കാർ ഇനി സുപ്രീംകോടതിയെ സമീപിച്ചേക്കും.

Tags:    
News Summary - Hijab ban; The court considered three questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.