ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മധുര മേലൂരിലെ പോളിങ് ബൂത്തിൽ മുസ്ലിം വനിത വോട്ടർമാരോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് ബഹളംവെച്ച ബി.ജെ.പി ബൂത്ത് ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മധുര മേലൂർ ഗാന്ധിജി പാർക്ക് ആർ. ഗിരിനന്ദൻ(41) ആണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തൽ അടക്കം നാലു വകുപ്പുകൾ പ്രകാരമാണ് കേസ്.
ശനിയാഴ്ച മധുര മേലൂർ നഗരസഭ എട്ടാമത് വാർഡിലെ അൽ-അമീൻ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലാണ് ഗിരിനന്ദൻ വനിത വോട്ടർമാർ ഹിജാബ് ധരിച്ചെത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചത്. തർക്കം മൂത്തതോടെ ഗിരിനന്ദനെ ബൂത്തിൽനിന്ന് പുറത്താക്കി. വീണ്ടും ഗിരിനന്ദൻ പ്രതിഷേധം തുടർന്നതോടെയാണ് അറസ്റ്റ് ചെയ്തത്. ഇതുമൂലം അര മണിക്കൂർ പോളിങ് തടസ്സപ്പെട്ടിരുന്നു. ഇയാളുടെ പേരിൽ പൊതുസ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെ മറ്റു ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഗിരിനന്ദനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മേലൂർ ബസ്സ്റ്റാൻഡിന് മുന്നിൽ ധർണ നടത്തി.
അതിനിടെ, തിരുപ്പൂർ ധാരാപുരം 17ാമത് വാർഡിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മുസ്ലിം യുവതിയോട് ഹിജാബ് അഴിച്ചുമാറ്റാൻ നിർദേശിച്ച പോളിങ് സ്റ്റേഷൻ വനിത ഓഫിസറുടെ നടപടിയും ബഹളത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.