ബംഗളൂരു: ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ ആചാരമല്ലെന്നും ശിരോവസ്ത്രം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ഇരുപത്തഞ്ചാം വകുപ്പിന്‍റെ ലംഘനമല്ലെന്നും ഹൈകോടതിയിൽ കർണാടക സർക്കാറിന്‍റെ വാദം. ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹരജിയിൽ ആറാം ദിവസത്തെ വാദം കേൾക്കലിനിടെയാണ് കർണാടക സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് നാവദഗിയുടെ വിചിത്ര വാദം.
ശിരോവസ്ത്രധാരണം മൗലികാവകാശമാവാൻ ഭരണഘടനയുടെ ധാർമികതയുടെയും വ്യക്തിയുടെ അന്തസ്സിന്‍റെയും കടമ്പകൂടി കടക്കേണ്ടതുണ്ടെന്നും ശബരിമല കേസിലെയും സൈറ ബാനു കേസിലെയും സുപ്രീംകോടതി വിധികൾ പരാമർശിച്ച് അഡ്വക്കറ്റ് ജനറൽ പറഞ്ഞു. മതപരമായ അനിവാര്യ ആചാരങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിശദവാദം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം വിലക്കി ഫെബ്രുവരി അഞ്ചിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 19-ഒന്ന് (എ) വകുപ്പിനെ ലംഘിക്കുന്നില്ല. വിദ്യാഭ്യാസ നിയമത്തിന് വിധേയമായാണ് സർക്കാർ ഉത്തരവ്. കോളജുകൾ നിർദേശിച്ച യൂനിഫോം ധരിക്കണമെന്നാണ് സർക്കാർ ഉത്തരവിട്ടത്. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് ജൈബുന്നിസ് എം. ഖാസി, ജസ്റ്റിസ് കൃഷ്ണ എം. ദീക്ഷിത് എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിലെ കോടതി നടപടികൾ ലൈവായി സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കണമെന്നും സമൂഹത്തിൽ അത് പ്രശ്നങ്ങൾക്കിടയാക്കുമെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രഫ. രവിവർമ കുമാർ അഭ്യർഥിച്ചു.
എന്നാൽ, ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, എതിർകക്ഷിക്കാരുടെ നിലപാടുകൂടി ജനങ്ങളറിയട്ടെ എന്ന് പ്രതികരിച്ചു. ഇടക്കാല ഉത്തരവ് ലംഘിക്കപ്പെടുകയാണെന്ന് അഡ്വക്കറ്റ് ജനറൽ ഹൈകോടതിയെ അറിയിച്ചതോടെ ഒരുതരത്തിലും ഉത്തരവ് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈകോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. കേസിൽ തിങ്കളാഴ്ച വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.