ബംഗളൂരു: വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നുള്ള സംഘർഷസാഹചര്യത്തിൽ കർണാടകയിലെ എല്ലാ ഹൈസ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം അറിയിച്ചത്. "സമാധാനവും ഐക്യവും നിലനിർത്താൻ" എല്ലാ ഹൈസ്‌കൂളുകളും കോളജുകളും അടച്ചിടാൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ഹിജാബ് നിയന്ത്രണത്തെ ചോദ്യം ചെയ്ത് ഉഡുപ്പി സർക്കാർ കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജി ഇന്ന് പരിഗണിച്ച കർണാടക ഹൈകോടതി വാദം കേൾക്കുന്നത് നാളെയും തുടരും.
വിദ്യാർഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും, പൊതുസമൂഹത്തിന്‍റെ വിവേകത്തിലും, ധർമ്മത്തിലും കോടതിക്ക് പൂർണ വിശ്വാസമുണ്ടെന്നും, അത് പ്രയോഗത്തിൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.
എല്ലാ വിദ്യാർഥികളോടും അധ്യാപകരോടും സ്കൂൾ-കോളജ് മാനേജ്മെന്‍റുകളോടും, കർണാടകയിലെ ജനങ്ങളോടും സമാധാനവും ഐക്യവും നിലനിർത്താൻ അഭ്യർഥിക്കുന്നതായി ഇന്ന് കോടതി നടപടികൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ഹൈസ്കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ താൻ ഉത്തരവിട്ടിട്ടുണ്ടെന്നും എല്ലാവരും തീരുമാനവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.