വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; ഹിമാചലിൽ മരണം 257 ആയി, 7000 കോടിരൂപയുടെ നഷ്ടം

ഷിംല: തുടർച്ചയായി പെയ്യുന്ന കനത്തമഴ ഹിമാചൽ പ്രദേശിൽ വൻ നാശം വിതച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായ സംസ്ഥാനത്ത് ആകെ ഈ മൺസൂണിൽ മരിച്ചവരുടെ എണ്ണം 257 ആയി. 7020.28 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ വ്യക്തമാക്കുന്നു. മരിച്ച 257 പേരിൽ 66 പേർ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ് മരിച്ചത്. 191 പേർ മഴക്കെടുതികൾ മൂലമുള്ള റോഡപകടങ്ങളിലും മറ്റുമായാണ് ജീവൻ നഷ്ടപ്പെട്ടത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ഇതുവരെ 7935 വീടുകൾ ഭാഗികമായി തകർന്നു. 2727 ഗോശാലകളും 270 കടകളും കാലവർഷക്കെടുതിയിൽ തകർന്നതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 90 ഉരുൾപൊട്ടലും 55 വെള്ളപ്പൊക്കവുമാണ് റിപോർട്ട് ചെയ്തത്. ഹിമാചലിലെ രണ്ടു ദേശീയപാതകൾ ഉൾപ്പെടെ 450-ഓളം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 1814 വൈദ്യുതി വിതരണ പദ്ധതികളും 59 ജലവിതരണ പദ്ധതികൾ ഇപ്പോഴും തടസ്സപ്പെട്ടതായും അധികൃതർ അറിയിച്ചു.

അതേസമയം, കനത്ത മഴയിൽ തിങ്കളാഴ്ച ഷിംലയിലെ സമ്മർ ഹില്ലിൽ ശിവക്ഷേത്രം തകർന്ന് ഒമ്പത് പേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സംഭവ സമയത്ത് 50ഓളം പേർ ക്ഷേത്രത്തിൽ ആരാധനക്കെത്തിയിരുന്നതായി അധികൃതർ അറിയിച്ചു. പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

സോലൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ കുടുംബത്തിലെ ഏഴുപേർ മരിച്ചു. മരിച്ചവരിൽ നാലുപേർ കുട്ടികളാണ്. ജാഡോൺ ഗ്രാമത്തിലാണ് ഞായറാഴ്ച രാത്രി മേഘവിസ്ഫോടനം ഉണ്ടായത്. മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സിഖു ദുരിതബാധിതരായ കുടുംബങ്ങൾക്ക് ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നൽകാൻ നിർദേശം നൽകി. 


മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടർമാരിൽ നിന്നും മുഖ്യമന്ത്രി വിവരം തേടി. മഴ കനക്കുന്ന പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിക്കും കലക്ടർമാർക്കും സ്ഥിതിഗതികൾ നിരീക്ഷിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 

Tags:    
News Summary - Himachal floods claim 257 lives, result in Rs 7000 cr loss since onset of monsoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.