ദിസ്പൂർ: ഗൊലാഘട്ട് ഇരട്ട കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ ബോറ കൃഷ്ണനു നേരെ നടത്തിയ പരാമർശത്തിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയ കോൺഗ്രസ് നേതാവിനെതിരെ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് 25 വയസുള്ള യുവാവ് ഭാര്യയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ലൗവ് ജിഹാദ് ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി ഹിന്ദുവും യുവാവ് മുസ്‍ലിമുമാണെന്നും ശർമ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തിന് പ്രതികരിക്കവെയാണ് ഭുപൻ ബോറ കൃഷ്ണനും രുഗ്മിണിയും തമ്മിലുള്ള വിവാഹം ലൗവ് ജിഹാദ് ആയിരുന്നുവെന്ന് പറഞ്ഞത്.
''പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായമുണ്ട്. രുഗ്മിണിയുമായി കൃഷ്ണൻ ഒളിച്ചോടിയതുൾപ്പെടെയുള്ള കഥകൾ പുരാണങ്ങളിൽ കാണാം. അതിനാൽ ഇന്നത്തെ കാലഘട്ടത്തിൽ വ്യത്യസ്ത മതക്കാരും സമുദായക്കാരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് മുഖ്യമന്ത്രി ഇത്തരത്തിൽ വീമ്പിളക്കരുത്. ''-എന്നായിരുന്നു ബോറയുടെ പരാമർശം.
ഇതോടെ ലൗവ് ജിഹാദും കൃഷ്ണനും രുഗ്മിണിയും തമ്മിലുള്ള വിവാഹവും തമ്മിൽ താരതമ്യപ്പെടുത്തിയ ബോറയുടെ പരാമർശം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ശർമ വീണ്ടും രംഗത്തുവന്നു. മതവികാരം വ്രണപ്പെടുത്തിയ ഒരാൾക്കെതിരെ ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ശർമ ആവശ്യപ്പെട്ടു.
നിർബന്ധിച്ച് മതം മാറി ഒരു പെൺകുട്ടി മറ്റൊരു മതത്തിൽ പെട്ട യുവാവിനെ വിവാഹം ചെയ്യുന്നതിനെയാണ് ലൗവ് ജിഹാദ് എന്ന് പറയുന്നതെന്നും കൃഷ്ണൻ ഒരിക്കലും രുഗ്മിണിയെ മതംമാറ്റിയിരുന്നില്ലെന്നും ശർമ ചൂണ്ടിക്കാട്ടി. ഹിന്ദുക്കൾ അവരുടെ സമുദായത്തിൽ നിന്നും മുസ്‍ലിംകൾ അവരുടെ സമുദായത്തിൽ നിന്നും മാത്രം വിവാഹം കഴിക്കുകയാണെങ്കിൽ അവിടെ സമാധാനം നിലനിൽക്കും. ഇനിയാർക്കെങ്കിലും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരുമായി വിവാഹം കഴിക്കണമെങ്കിൽ സ്പെഷ്യൽ മാരേജ് നിയമം ഉണ്ട് നമ്മുടെ രാജ്യത്ത്. ആ നിയമം പോലും മറികടന്ന് ആരെയും നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്.
മനുഷ്യർ ചെയ്യുന്ന തെറ്റുകളിലേക്ക് ദൈവങ്ങളെ വലിച്ചിഴക്കരുത്. ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ല. മുഹമ്മദ് നബിയെയും യേശു ക്രിസ്തുവിനെയും ആരും ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാറില്ല എന്നും ശർമ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.