ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി നിര്‍ബന്ധം; കേന്ദ്രത്തിനെതിരെ തമിഴ്നാട്

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ തൊഴിൽ നേടുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായ പാര്‍ലമെന്‍ററി സമിതി നിർദേശത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനങ്ങള്‍ക്കുമേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിച്ചുകൊണ്ട് മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് സ്റ്റാലിന്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള നടപടികള്‍ ഇതര ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരാക്കുന്നതിന് തുല്യമാണ്. എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷയാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ ആശയം നടപ്പാക്കാനുള്ള ആർ.എസ്.എസ് നീക്കം അംഗീകരിക്കാനാവില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയം വ്യക്തമാക്കി.

ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, എയിംസുകള്‍ കേന്ദ്രീയ വിദ്യാലയം, നവോദയ, കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ പാഠ്യഭാഷ ഹിന്ദിയിലാക്കണം. ഈ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് ഭാഷ ഐച്ഛികമാക്കണം. അനിവാര്യമാണെങ്കില്‍ മാത്രം ഇംഗ്ലീഷ് തുടര്‍ന്നാല്‍ മതി. കാലക്രമേണ ആ സ്ഥാനത്തും ഹിന്ദി മാത്രമാക്കണം. ഐക്യരാഷ്ട്ര സഭയില്‍ ഹിന്ദിയും ഔദ്യോഗിക ഭാഷയാക്കണം.

സര്‍ക്കാര്‍ സർവിസിലേക്കുള്ള പരീക്ഷകള്‍ക്ക് ചോദ്യക്കടലാസ് ഹിന്ദിയിലാക്കണം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ഹിന്ദി പ്രാവീണ്യം നിര്‍ബന്ധമാക്കണം. ഹിന്ദിയില്‍ പ്രാവീണ്യത്തോടെ ജോലി ചെയ്യുന്ന കേന്ദ്ര ജീവനക്കാരുടെ ഇന്‍സെന്‍റിവ് കൂട്ടണം. ഹിന്ദിയില്‍ നടപടിക്രമങ്ങള്‍ നടത്താത്ത ഉദ്യോഗസ്ഥരില്‍നിന്ന് വിശദീകരണം തേടണം. മറുപടി തൃപ്തികരമല്ലെങ്കില്‍ ഇക്കാര്യം അവരുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഹൈകോടതികളില്‍ നടപടിക്രമങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഭരണഘടനപരമായി ആവശ്യമായി വന്നാല്‍ മാത്രം നല്‍കിയാല്‍ മതി തുടങ്ങിയ നിരവധി വിവാദ നിര്‍ദേശങ്ങളാണ് സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സമർപ്പിച്ചത്.

സമിതിയുടെ മറ്റു നിർദേശങ്ങൾ

•സര്‍ക്കാര്‍ പരസ്യങ്ങളുടെ 50 ശതമാനത്തിലധികവും ഹിന്ദിയില്‍തന്നെ പ്രസിദ്ധീകരിക്കണം. പത്രങ്ങളില്‍ ഹിന്ദി പരസ്യങ്ങള്‍ വലുതായി ഒന്നാം പേജിലും ഇഗ്ലീഷ് പരസ്യങ്ങൾ ചെറുതായി അകത്തെ പേജുകളിലും നല്‍കിയാല്‍ മതിയെന്നും സമിതി നിര്‍ദേശിക്കുന്നു.

•കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലും മന്ത്രാലയങ്ങളിലും വകുപ്പുകളിലും എഴുത്തുകള്‍, ഫാക്‌സ്, ഇ-മെയില്‍ എന്നിവ ഹിന്ദിയിലാക്കണം.

•കേന്ദ്ര സര്‍ക്കാറിന്റെ ക്ഷണക്കത്തുകള്‍, പ്രഭാഷണങ്ങള്‍, ശില്‍പശാലകള്‍ എന്നിവ ഹിന്ദിയിലായിരിക്കണം സംഘടിപ്പിക്കേണ്ടത്.

•കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലെ കമ്പ്യൂട്ടറുകളിലും കൂടുതല്‍ ജോലികള്‍ ഹിന്ദി ഭാഷയിലായിരിക്കണം.

•ഔദ്യോഗിക കാര്യങ്ങളില്‍ ലളിതവും എളുപ്പത്തില്‍ മനസ്സിലാകുന്നതുമായ ഹിന്ദി ഉപയോഗിക്കണം.

•ഔദ്യോഗിക ഹിന്ദി ഭാഷയും പ്രാദേശിക ഹിന്ദിയും തമ്മിലുള്ള അന്തരം കുറക്കണം. 

Tags:    
News Summary - Hindi mandatory for work and education; Tamil Nadu against the Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.