ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാറിനെ മറിച്ചിടാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ബി.ജെ.പിക്ക് സ്വന്തം പാളയത്തിൽ നിന്നുതന്നെ വെല്ലുവിളി. സംഘ്പരിവാർ ആശയം പേറുന്ന സംഘടനയായ ഹിന്ദുമഹാസഭ അടുത്ത കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 150 സീറ്റുകളിൽ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് സുബ്രമണ്യ രാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. രജിസ്റ്റർ ചെയ്തതാണെങ്കിലും അംഗീകൃത രാഷ്ട്രീയ കക്ഷിയല്ലാത്ത ഹിന്ദുമഹാസഭ അങ്കത്തിനിറങ്ങുന്നത് ശരിക്കും ത്രിശങ്കുവിലാക്കുക ബി.ജെ.പിയെ ആകും.
ബി.ജെ.പിയെ സഖ്യകക്ഷിയായി പരിഗണിക്കുന്നില്ലെന്നും ഹിന്ദുത്വ ആശയങ്ങൾ പാർട്ടി എന്നേ ഉപേക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കന്നടയിലെ എട്ടു സീറ്റുകളിലും ഹിന്ദുമഹാസഭ സ്ഥാനാർഥികളെ നിർത്തും. മൊത്തം സ്ഥാനാർഥികളുടെ പട്ടിക തയാറാക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണെന്നും ഫെബ്രുവരി അവസാനത്തോടെ പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനിറങ്ങുന്നത് പ്രഖ്യാപിക്കാനായി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഹിന്ദുമഹാസഭ നേതാക്കൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉയർത്തി. കോൺഗ്രസ് തന്നെയാകും പാർട്ടിയുടെ മുഖ്യശത്രുവെന്ന നിലപാടും പ്രസിഡൻറ് സുബ്രമണ്യ രാജു ഉൗന്നിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.