മുസ്ലിംകളെ കൊല്ലാൻ വാളുകൾ പോരാ, അതിലും മികച്ച ആയുധങ്ങൾ കണ്ടെത്തണമെന്ന് ആഹ്വാനം ചെയ്ത് ഹരിദ്വാറിൽ ഹിന്ദുത്വ തീവ്രവാദികളുടെ സമ്മേളനം. സംഭവം ഇതിനകം വിവാദമായി കഴിഞ്ഞു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ സംഘടിപ്പിച്ച ധർമ്മ സൻസദ് സമ്മേളനത്തിലാണ് ഹിന്ദുത്വ നേതാക്കൾ വിദ്വേഷ പ്രസംഗവും കൊലവിളിയും നടത്തി രംഗത്തെത്തിയത്. ഡിസംബർ 17 മുതൽ 19 വരെ നടന്ന സമ്മേളനത്തിലാണ് നേതാക്കൾ മുസ്ലിംകളെ വംശീയ ഉന്മൂലനം നടത്തണമെന്നാവശ്യപ്പെട്ട് പ്രസംഗം നടത്തിയത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ മത ഇടങ്ങൾ ആക്രമിക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു. ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണയാണ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്. അവരുടെ ജനസംഖ്യ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കൊല്ലുക.
ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലിൽ പോകാനും തയ്യാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികർ ഞങ്ങൾക്ക് ആവശ്യമാണെന്നും അന്നപൂർണ പറഞ്ഞു. മ്യാൻമറിലെ പോലെ പൊലീസും രാഷ്ട്രീയക്കാരനും പട്ടാളവും ഓരോ ഹിന്ദുവും ആയുധമെടുക്കണം. എന്നിട്ട് ഇവിടുത്തെ മുസ്ലിംങ്ങളെ കൊന്നൊടുക്കണം. ഇതല്ലാതെ ഇതിന് പരിഹാരമില്ലെന്ന് ഹിന്ദു രക്ഷാ സേനയുടെ പ്രസിഡന്‍റ് സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞു. ഇദ്ദേഹം ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ളയാളാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് എന്നിവരുമൊത്തുള്ള ഫോട്ടോകൾ അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
മുസ്ലിംകൾക്കെതിരായ അക്രമത്തിന് ആഹ്വാനം ചെയ്ത മുദ്രാവാക്യം വിളിച്ച പരിപാടി സംഘടിപ്പിക്കാൻ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയും മഹിളാ മോർച്ച നേതാവ് ഉദിത ത്യാഗിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. സമ്മേളനത്തിന്‍റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂന്ന് ദിവസത്തിലേറെ രാജ്യത്തെ മുസ്ലിംങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുത്വ സംഘടനകൾക്കും അവരുടെ നേതാക്കൾക്കുമെതിരെ സംസ്ഥാന പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമായി ഉയരുന്നുണ്ട്.
തൃണമൂൽ കോൺഗ്രസ് നേതാവും വിവരാവകാശ പ്രവർത്തകനുമായ സാകേത് ഗോഖലെ സൻസദ് സംഘാടകർക്കും പ്രഭാഷകർക്കും എതിരെ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പൊലീസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഹരിദ്വാർ പൊലീസ് സൂപ്രണ്ട് സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചതിന് മുമ്പ് ആരോപണ വിധേയനായ യതി നരസിംഹാനന്ദാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന ഹിന്ദു രക്ഷാ സേനയുടെ പ്രബോധാനന്ദ ഗിരി, ബി.ജെ.പി വനിതാ വിഭാഗം നേതാവ് ഉദിത ത്യാഗി, ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ എന്നിവരാണ് സമ്മേളനവുമായി ബന്ധപ്പെട്ട മറ്റുള്ളവരെന്ന് സാകേത് ഗോഖലെയുടെ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.