ഭോപാൽ: ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ചുവെന്നാരോപിച്ച് മൂന്നു പേരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് സംഭവം.
ഡിസംബർ അഞ്ചിനാണ് ബി.ജെ.പിയുടെ ജുഗ്ഗി ജോപ്രി സെല്ലിന്‍റെ ജനറൽ സെക്രട്ടറി ദേവേന്ദ്ര സിങ് താക്കൂർ താൻ ആക്രമിക്കപ്പെട്ടതായി പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഫാറൂഖ് എന്നയാൾ തന്നെ വാൾ കൊണ്ട് ആക്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
കേസിൽ ഫാറൂഖ് എന്നയാളെ കൂടാതെ അസ്‌ലം, ഷാരൂഖ്, ബിലാൽ, സമീർ എന്നിവരെ കൂടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു പേരുടെ വീടുകൾ ബിൽഡിങ് പെർമിറ്റ് ഇല്ലെന്ന് ആരോപിച്ച് ഇടിച്ച് നിരത്തിയത്.
മതപരമായ സമ്മേളനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉച്ചഭാഷിണി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ഭരണത്തിന് കീഴിലുള്ള ആദ്യത്തെ ബുൾഡോസർ നടപടി. മാത്രമല്ല, ഇറച്ചി വിൽപ്പന നിയന്ത്രണവും സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ മാംസവും മത്സ്യവും വിൽപന നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം പത്തോളം കടകൾ തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.