ഡോ. അനസ്​ മുജാഹിദ്​

കോവിഡ്​ സ്​ഥിരീകരിച്ച്​ മണിക്കൂറുകൾ പിന്നിടും മു​മ്പ്​ 26കാരനായ ഡോക്​ടർ മരിച്ചു

ന്യൂഡൽഹി: കോവിഡ്​ സ്​ഥിരീകരിച്ച്​ മണിക്കൂറുകൾ പിന്നിടുന്നതിന്​ മു​േമ്പ യുവ ഡോക്​ടർ മരണത്തിന്​ കീഴടങ്ങി. ജി.ടി.ബി ആശുപത്രിയിൽ ജൂനിയർ റസിഡന്‍റ്​ ഡോക്​ടർ ആയിരുന്ന അനസ്​ മുജാഹിദ്​ ആണ്​ മരിച്ചത്​. 26 വയസായിരുന്നു.

ഡൽഹി യൂനിവേഴ്​സിറ്റി കോളജ്​ ​ഓഫ്​ മെഡിക്കൽ സയൻസസിൽ നിന്ന്​ എം.ബി.ബി.എസ്​ ബിരുദം നേടിയ ഡോ. അനസ്​ ശനിയാഴ്​ച ഉച്ച വരെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെയാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. തലച്ചോറിലെ രക്​താസ്രവത്തെ തുടർന്നായിരുന്നു മരണം​. മറ്റ്​ രോഗങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നുവെന്ന്​ ഡോക്​ടർമാർ പറഞ്ഞു.

'ചുറുചുറുക്കാർന്ന ഒരു മിടുക്കനായ ഡോക്ടറെ നഷ്​ടപ്പെടുന്നത് ഹൃദയഭേദകമാണ്. ക്ലാസുകളിൽ അധികം സംസാരിക്കാത്ത ഒരു വിദ്യാർഥിയായിരുന്നുവെങ്കിലും ഇടനാഴിയിൽ എന്നെ അവൻ എപ്പോഴും അഭിവാദ്യം ചെയ്യുമായിരുന്നു. അവന്‍റെ പുഞ്ചിരി എനിക്ക് മിസ്സ്​ ചെയ്യു​ം. കഴിഞ്ഞ മൂന്ന് മാസമായി അവൻ ജോലി ചെയ്യുന്ന ഗൈനക്കോളജി വിഭാഗത്തിലെ സീനിയേഴ്​സിനോട്​ ഞാൻ സംസാരിച്ചിരുന്നു. അവന്‍റെ പ്രകടനത്തെ കുറിച്ച്​ അവർക്കെല്ലാം നല്ല മതിപ്പാണ്​. ഞാൻ അവനെ കുറിച്ചോർത്ത്​ അഭിമാനിക്കുന്നു. ഇന്നലെ നിരവധി കോവിഡ് രോഗികൾക്ക് അവന്‍റെ സേവനം ലഭിച്ചു. അവനൊരു രക്തസാക്ഷിയാണ്' -യു.സി.എം.എസിലെ ഫിസിയോളജി വിഭാഗത്തിലെ പ്രഫസറായ ഡോ. സത്യേന്ദ്ര സിങ്​ പറഞ്ഞു​.

കുടുംബം ഡൽഹിയിലുണ്ടെങ്കിലും കോവിഡ്​ ഡ്യൂട്ടിയുള്ളതിനാൽ തന്നെ ആശുപത്രി അധികൃതർ ഒരുക്കിയ ലീല പാലസ്​ ഹോട്ടലിലെ റൂമിലായിരുന്നു അനസിന്‍റെ താമസം. മാതാപിതാക്കളെ കൂടാതെ അനസിന്​ നാല്​ സഹോദരങ്ങളുണ്ട്​. എൻജിനിയറായ പിതാവ്​ മുമ്പ്​ ഗൾഫിലായിരുന്നു ജോലി ചെയ്​തിരുന്നത്​.

ശനിയാഴ്ച വൈകീട്ട്​ കുടുംബത്തോടൊപ്പമാണ്​ നോമ്പ്​ തുറന്നത്​. സുഖമില്ലാത്തതായി തോന്നിയതോടെ ഹോട്ടലിലേക്ക്​ മടങ്ങുന്നതിന്​ മുമ്പ്​ കോവിഡ്​ പരിശോധനക്ക്​ വിധേയനാവുകയായിരുന്നു.

'ശരീരവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനാൽ രാത്രി എട്ടുമണിയോടെ പരിശോധന നടത്തി. ആന്‍റിജൻ പരിശോധനയിൽ കോവിഡ് സ്​ഥിരീകരിച്ചു. കടുത്ത തലവേദനയാണെന്ന് അനസ് പറഞ്ഞപ്പോൾ ഡോക്ടർ കുറിപ്പടി എഴുതുകയായിരുന്നു. പെ​ട്ടെന്ന്​ അദ്ദേഹം കുഴഞ്ഞു വീണു. ഡോക്ടർ മാസ്​ക്​ നീക്കിയപ്പോൾ മുഖത്തിന്‍റെ ഒരു വശം തളർന്നു പോയിരുന്നു' -അനസിന്‍റെ സുഹൃത്തും സഹപാഠിയുമായ ഡോ. ഷാസ്​ ബേഗ്​ പറഞ്ഞു.

സി.ടി സ്​കാനിൽ തല്ലച്ചേറിൽ രക്​തം കട്ടപിടിച്ചതായി കണ്ടെത്തി. പുലർച്ചെ 2.30 ഓടെ വെന്‍റിലേറ്റർ ഘടിപ്പിച്ചെങ്കിലും അരമണിക്കൂറിന്​ ശേഷം അനസ്​ മരിച്ചു. ഞായറാഴ്ച ഉച്ചക്ക്​ ശേഷം മൃതദേഹം ശാസ്​ത്രി പാർക്കിൽ സംസ്​കരിച്ചു.

Tags:    
News Summary - Hours after testing covid positive 26 year old doctor died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.