ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീംകോടതി മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികപീഡന പരാതി ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേ ഷണ സമിതി തള്ളി. പരാതിയിൽ കഴമ്പില്ലെന്ന് സമിതി കണ്ടെത്തിയതായി സുപ്രീംകോടതി വെബ് സൈറ്റിൽ വാർത്തക്കുറിപ്പിലാണ് അറിയിച്ചത്. സുപ്രീംകോടതി ജഡ്ജിമാരിൽ സീനിയോറിറ ്റിയിൽ രണ്ടാമനാണ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. നീതി ലഭിക്കില്ലെന്ന് വ്യക്തമാക്കി പ രാതിക്കാരി ബഹിഷ്കരിച്ചശേഷം നടപടിയുമായി മുന്നോട്ടുപോയാണ് ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവർകൂടി അടങ്ങുന്ന സമിതി ചീഫ് ജസ്റ്റിസിന് ക്ലീൻചിറ്റ് നൽകിയത്. സമിതി റിപ്പോർട്ട് പരസ്യപ്പെടുത്തുകയില്ലെന്നും അറിയിച്ചു.
സമിതിയുടെ റിപ്പോർട്ട് ജസ്റ്റിസ് അരുൺ മിശ്രക്ക് കൈമാറിയെന്ന് സുപ്രീംകോടതി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. റിപ്പോർട്ടിെൻറ പകർപ്പ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് കൈമാറിയെന്ന് പറയുന്ന വാർത്തക്കുറിപ്പ് പരാതിക്കാരിക്ക് റിപ്പോർട്ടിെൻറ പകർപ്പ് നൽകിയെന്ന് വ്യക്തമാക്കിയിട്ടില്ല. സുപ്രീംകോടതിയുടെ ആഭ്യന്തര സമിതി റിപ്പോർട്ട് രഹസ്യ സ്വഭാവത്തിലുള്ളതായിരിക്കണമെന്ന് 2003ലെ ഒരു വിധി സമിതി ഉദ്ധരിച്ചിട്ടുണ്ട്. റിപ്പോർട്ട് കൈയിൽ കിട്ടാത്തതിനാൽ പരാതിക്കാരിക്ക് തുടർ നിയമയുദ്ധത്തിനുള്ള വഴിയടഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികപീഡന പരാതി കൈകാര്യംചെയ്യുന്ന രീതിയിൽ രണ്ട് സുപ്രീംകോടതി ജഡ്ജിമാർ തങ്ങൾക്കുള്ള ആശങ്ക അറിയിച്ചതിനു പിറകെയാണ് സമിതി അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് തയാറാക്കിയതെന്ന് ശ്രദ്ധേയമാണ്. ഏകപക്ഷീയമായി ആഭ്യന്തര അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള സമിതിയുടെ നടപടിക്കെതിരെയായിരുന്നു ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാനും ഡി.വൈ. ചന്ദ്രചൂഡും വിയോജിപ്പ് അറിയിച്ചത്. ഇക്കാര്യം നിഷേധിച്ച് സുപ്രീംകോടതി പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു.
ഇതുകൂടാതെ പരാതിക്കാരിയില്ലാതെ ആഭ്യന്തര അേന്വഷണവുമായി മുന്നോട്ടുപോയാൽ സുപ്രീംകോടതിയുടെ വിശ്വാസ്യത തകരുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സമിതിയിലെ മൂന്നു ജഡ്ജിമാർക്കും മേയ് രണ്ടിന് കത്ത് നൽകിയിരുന്നു. ഒന്നുകിൽ പരാതിക്കാരി ആവശ്യപ്പെട്ടപോെല അഭിഭാഷകയെ വെക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ അമിക്കസ് ക്യൂറിയെ നിയോഗിക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിർദേശിച്ചു. തുടർനടപടി തീരുമാനിക്കാൻ സുപ്രീംകോടതി ഫുൾകോർട്ട് വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം അവഗണിച്ചാണ് സമിതി മുന്നോട്ടുപോയത്.
സുപ്രീംകോടതി മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിൽനിന്ന് നേരിട്ട ലൈംഗികപീഡനങ്ങൾ വിവരിച്ച് 22 ജഡ്ജിമാർക്ക് വിശദ പരാതി സമർപ്പിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. വാർത്ത പുറത്തുവന്നയുടൻ അത് നിഷേധിക്കാൻ ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് തെൻറ അധ്യക്ഷതയിൽ ശനിയാഴ്ച അടിയന്തര കോടതി വിളിച്ചുകൂട്ടിയത് പ്രതിഷേധത്തിനിടവരുത്തി. തുടർന്നാണ് ഏപ്രിൽ 23ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതിയെ ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണത്തിന് നിയോഗിച്ചത്.
എന്നാൽ, ആ സമിതിയിൽ ഇൗ കേസിൽ ചീഫ് ജസ്റ്റിസിനൊപ്പം നിന്ന് സംസാരിച്ച ജസ്റ്റിസ് എൻ.വി. രമണയെ ഉൾപ്പെടുത്തിയത് പരാതിക്കാരി ചോദ്യംചെയ്തു. തുടർന്ന് പകരം ജസ്റ്റിസ് ഇന്ദു മൽേഹാത്രയെ ഉൾപ്പെടുത്തി. തെൻറ മൊഴി രേഖപ്പെടുത്തിയതിെൻറ പകർപ്പ് ചോദിച്ചപ്പോൾ അതും നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഏപ്രിൽ 30ന് സമിതിയിൽനിന്ന് ഇറങ്ങിപ്പോന്ന പരാതിക്കാരി സമിതിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, അതിനുശേഷവും ആഭ്യന്തര അന്വേഷണവുമായി മുന്നോട്ടുപോകാൻ സമിതി തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.