‘പൗരത്വ നിയമത്തിനെതിരായ പ്രസംഗം കലാപ ഗൂഢാലോചനയാകുന്നതെങ്ങനെ?’

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനെ ഡൽഹി കലാപ ഗൂഢാലോചനയിലെ പങ്കാളിത്തമായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന്, കേസിൽ പ്രതി ചേർക്കപ്പെട്ട ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥി മീരാൻ ഹൈദർ ഡൽഹി ഹൈകോടതിയിൽ. വടക്കുകിഴക്കൻ ഡൽഹിയിൽ 53 പേരുടെ മരണത്തിനിടയാക്കിയ വംശഹത്യയിൽ പങ്ക് ആരോപിച്ച് ഡൽഹി പൊലീസ് പ്രതി ചേർത്ത വിദ്യാർഥി നേതാക്കളിലൊരാളായ മീരാൻ ഹൈദറിന്റെ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇതിനിടെ, ഇതേ കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി ശർജീൽ ഇമാമിന്റെ ജാമ്യഹരജി കേൾക്കുന്നത് കോടതി മാർച്ച് 15 ലേക്ക് മാറ്റി. വിചാരണക്കോടതി ജാമ്യം നിരസിച്ചതിനെത്തുടർന്ന് നൽകിയ അപ്പീലാണ്, ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ അധ്യക്ഷനായ ഹൈകോടതി ബെഞ്ച് വാദം കേൾക്കാൻ മാറ്റിയത്.

ഇതേ ബെഞ്ചിലുള്ള ജസ്റ്റിസ് രജനീഷ് ഭട്നഗറാണ് ജാമിഅ വിദ്യാർഥി മീരാൻ ഹൈദറിന്റെ അപ്പീലിൽ ചൊവ്വാഴ്ച വാദം കേൾക്കൽ ആരംഭിച്ചത്. ശർജീൽ ഇമാമും മീരാൻ ഹൈദറും ഉമർ ഖാലിദും അടക്കമുള്ള ഒട്ടേറെ വിദ്യാർഥി നേതാക്കളെയാണ് ഡൽഹി പൊലീസ് കലാപ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചത്. യു.എ.പി.എ കേസ് നിലനിൽക്കാനുള്ള എന്തുപങ്കാണ് മീരാൻ ഹൈദർ വഹിച്ചതെന്ന് ചോദിച്ച അഭിഭാഷകൻ, അദ്ദേഹത്തിനെതിരായ പൊലീസ് ആരോപണങ്ങൾ പ്രോസിക്യൂഷന്റെ അവകാശവാദവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളിൽ ഹൈദർ നടത്തിയ പ്രസംഗങ്ങൾ രാഷ്ട്രീയപരവും സർക്കാറിനോടുള്ള അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നതുമായിരുന്നു. ഇത് അക്രമത്തിനോ കലാപത്തിനോ ഉള്ള ആഹ്വാനമല്ല. പ്രതിഷേധിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം -അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2020 ഏപ്രിലിലാണ് ഹൈദർ അറസ്റ്റിലായത്. 

Tags:    
News Summary - 'How can a speech against the Citizenship Act be a riotous conspiracy?'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.