വോട്ടർമാർ: ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് വോട്ടർമാർ. നാമനിർദേശം ചെയ്യപ്പെട്ടവർക്ക് വോട്ടവകാശമില്ല. 543 ലോക്സഭാംഗങ്ങൾ, 243 രാജ്യസഭാംഗങ്ങൾ, 4,033 എം.എൽ.എമാർ എന്നിങ്ങനെ 4,809 സമ്മതിദായകർ.
സ്ഥാനാർഥി: 35 വയസ് കഴിഞ്ഞ ഇന്ത്യൻ പൗരന് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാം. പ്രതിഫലം പറ്റുന്ന സർക്കാർ പദവികളിലിരുന്ന് മത്സരിക്കാൻ പറ്റില്ല. അഞ്ചു വർഷമാണ് രാഷ്ട്രപതിയുടെ കാലാവധി.
എം.എൽ.എമാരുടെ വോട്ടുമൂല്യം: വോട്ടർമാരുടെ എണ്ണമല്ല, വോട്ടു മൂല്യമാണ് ജയപരാജയം തീരുമാനിക്കുക. എം.എൽ.എമാരുടെ ആകെ വോട്ടുമൂല്യം 5,43,231. ജനസംഖ്യക്ക് ആനുപാതികമാണ് വോട്ടുമൂല്യം. അതുകൊണ്ട് ഓരോ സംസ്ഥാനത്തെയും എം.എൽ.എമാരുടെ വോട്ടുമൂല്യം വ്യത്യസ്തം. 1971ലെ സെൻസസ് പ്രകാരമുള്ള സംസ്ഥാന ജനസംഖ്യയെ (ആകെ നിയമസഭ സീറ്റുകൾ x 1000) കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ഒരു എം.എൽ.എയുടെ വോട്ടു മൂല്യം.
കേരളത്തിന്റെ മൂല്യം: കേരളത്തിലെ ഒരു എം.എൽ.എയുടെ വോട്ടു മൂല്യം 152 ആണ്. ഇതു കിട്ടുന്നത് 2,13,47,375 എന്ന ജനസംഖ്യയെ 1,40,000 കൊണ്ട് (ആകെ നിയമസഭ സീറ്റുകൾ x 1000) ഹരിക്കുന്നതിലൂടെയാണ്. ഏറ്റവും ഉയർന്ന വോട്ടു മൂല്യം യു.പിയിൽ -208.
എം.പിമാരുടെ വോട്ടു മൂല്യം: എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടു മൂല്യത്തെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ ആകെ എണ്ണം കൊണ്ട് ഹരിക്കുന്നു. 5,43,200 ആണ് ആകെ വോട്ടുമൂല്യം. ആകെ എം.പിമാർ 776. ഫലത്തിൽ ഒരു എം.പിയുടെ വോട്ടുമൂല്യം 700.
പത്രിക സമർപ്പണം: വോട്ടർമാരിൽ 50 പേർ നാമനിർദേശം ചെയ്യണം. 50 പേർ പിന്താങ്ങണം. സ്ഥാനാർഥി ഒപ്പുവെച്ച് നൽകുന്ന ഈ പത്രികക്കൊപ്പം 15,000 രൂപ കെട്ടിവെക്കണം. ഒരാൾക്കു വേണ്ടി നാലിൽ കൂടുതൽ പത്രിക നൽകാൻ പാടില്ല. ഒരാൾ ഒന്നിൽ കൂടുതൽ നാമനിർദേശം നടത്തുകയോ പിന്താങ്ങുകയോ ചെയ്യരുത്. രാജ്യസഭ സെക്രട്ടറി ജനറലാണ് വരണാധികാരി.
വോട്ടെടുപ്പ്: എം.പിമാർക്ക് പാർലമെന്റ് മന്ദിരവും എം.എൽ.എമാർക്ക് അതാതു സംസ്ഥാന നിയമസഭ മന്ദിരവുമാണ് വോട്ടെടുപ്പു കേന്ദ്രങ്ങൾ. എന്നാൽ വോട്ടെടുപ്പിന് 10 ദിവസം മുമ്പ് തെരഞ്ഞെടുപ്പു കമീഷനെ രേഖാമൂലം അറിയിക്കുന്ന എം.പിക്ക് നിയമസഭ മന്ദിരത്തിലും എം.എൽ.എക്ക് പാർലമെന്റിലും വോട്ടു ചെയ്യാം.
ബാലറ്റ് പേപ്പർ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രമല്ല, ബാലറ്റ് പേപ്പറാണ്. സ്ഥാനാർഥികൾക്ക് ചിഹ്നവും ഇല്ല. ബാലറ്റ് പേപ്പറിൽ ആദ്യ കോളത്തിൽ സ്ഥാനാർഥികളുടെ പേര്. രണ്ടാമത്തെ കോളത്തിൽ വോട്ടർക്ക് മുൻഗണനാക്രമം അടയാളപ്പെടുത്താം.
വോട്ടെണ്ണൽ: എല്ലാ സംസ്ഥാനത്തും വോട്ടെടുപ്പിന് സൗകര്യമുണ്ടെങ്കിലും വോട്ടെണ്ണൽ പാർലമെന്റ് മന്ദിരത്തിലാണ്. വോട്ടെടുപ്പു കഴിഞ്ഞാൽ വോട്ടു പെട്ടികൾ എല്ലായിടത്തു നിന്നും ഡൽഹിയിൽ എത്തിക്കുന്നു.
വോട്ടെടുപ്പില്ലാതെ ഒരു വട്ടം: രാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ വോട്ടെടുപ്പ് ഇല്ലാതിരുന്നത് 1977ൽ മാത്രം. നീലം സഞ്ജീവ റെഡി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 37 സ്ഥാനാർഥികൾ ഉണ്ടായിരുന്നു. എന്നാൽ സൂക്ഷ്മപരിശോധനയിൽ 36ഉം തള്ളിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.