കഷ്ടപ്പാടിന് നഷ്ടപരിഹാരം നല്‍കണം –രാഹുല്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതു വഴിയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ കാലാവധി അടുത്ത ദിവസം അവസാനിക്കുന്നതിനാല്‍, ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതുവരെയുള്ള കഷ്ടനഷ്ടങ്ങള്‍ മുന്‍നിര്‍ത്തി ദാരിദ്ര്യരേഖക്കു താഴെയുള്ളവരുടെ അക്കൗണ്ടിലേക്ക് 25,000 രൂപ സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്‍െറ സ്ഥാപകദിനത്തില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നോട്ട് വിഷയവുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങളും അഞ്ച് ആവശ്യങ്ങളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍െറ വാര്‍ത്താസമ്മേളനം. ബാങ്കില്‍ കിടക്കുന്ന പണം സര്‍ക്കാറിന്‍െറയോ ബാങ്കിന്‍േറതോ അല്ളെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

ആവശ്യങ്ങള്‍ ഇവയാണ്: അക്കൗണ്ടില്‍നിന്ന് 24,000 രൂപ മാത്രം പിന്‍വലിക്കാമെന്ന നിയന്ത്രണം നീക്കുകയും ജനങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുകയും വേണം. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇരട്ടിയാക്കണം. കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവിലയുടെ അഞ്ചിലൊന്ന് ബോണസ് നല്‍കണം. ചെറുകിട വ്യാപാരികള്‍ക്ക് വില്‍പന നികുതിയും ആദായ നികുതിയും പകുതി  കുറച്ചു നല്‍കണം. ബി.പി.എല്‍ കുടുംബങ്ങളില്‍പെട്ടവരുടെ അക്കൗണ്ടിലേക്ക് 25,000 രൂപ വീതം നല്‍കണം.

50 ദിവസമായിട്ടും പ്രശ്നങ്ങള്‍ അതേപടി തുടരുന്നതിനിടയില്‍, നോട്ട് അസാധുവാക്കല്‍ പദ്ധതി വഴി എത്ര കള്ളപ്പണം കിട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സര്‍ക്കാറിന് എത്രത്തോളം സാമ്പത്തികനഷ്ടമുണ്ടായെന്നും ജനങ്ങള്‍ക്ക് എത്ര തൊഴില്‍നഷ്ടമുണ്ടായെന്നും വെളിപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് എത്ര പേര്‍ മരിച്ചു; അവരുടെ ആശ്രിതര്‍ക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം കൊടുക്കുന്നില്ല?

നോട്ട് അസാധുവാക്കല്‍ പദ്ധതി ഉപദേശിച്ച സാമ്പത്തിക വിദഗ്ധരുടെ പേര് പുറത്തുപറയണം. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയ നവംബര്‍ എട്ടിനു രണ്ടു മാസം  മുമ്പു വരെയുള്ള കാലയളവില്‍ 25 ലക്ഷം രൂപയില്‍ കൂടുതല്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ പേര് പുറത്തുവിടണം. സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്കു കൈമാറിയ കള്ളപ്പണക്കാരുടെ പട്ടിക സര്‍ക്കാര്‍ എന്നാണ് പാര്‍ലമെന്‍റില്‍ വെക്കുകയെന്നും രാഹുല്‍ ചോദിച്ചു. എ.കെ. ആന്‍റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മോത്തിലാല്‍ വോറ, ജനാര്‍ദന്‍ ദ്വിവേദി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

 

Tags:    
News Summary - How Much Black Money Was Seized, Rahul Asks Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.