ന്യൂഡൽഹി: 2019ലെ മനുഷ്യാവകാശ ദിനത്തിൽ നിന്ന് 2020 ഡിസംബർ 10ലെത്തുേമ്പാൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ധ്വംസനങ്ങൾ വർധിച്ചുവെന്നതു മാത്രമല്ല, ജീവിതകാലം മുഴുവൻ സാധാരണയിൽ സാധാരണക്കാരായ മനുഷ്യരുടെ അവകാശങ്ങൾക്കു വേണ്ടി വാദിച്ച വയോധികർ ഉൾപ്പെടെ പൗരാവകാശപ്പോരാളികൾ തടവറയിലാണ്.
അന്യായമായി അറസ്റ്റു ചെയ്യപ്പെട്ട അവർ ജാമ്യമില്ലാതെ തടവറകളിൽ അനുഭവിക്കുന്നതാവട്ടെ തുല്യതയില്ലാത്ത പൗരാവകാശ ലംഘനങ്ങളും.
ഝാർഖണ്ഡിലെ ആദിവാസികളെ വിവിധ പദ്ധതികളുടെ മറവിൽ കുടിയൊഴിപ്പിക്കുവാനും അവരുടെ അവകാശങ്ങൾ പിടിച്ചെടുക്കാനുമുള്ള സർക്കാറിെൻറയും ബഹുരാഷ്ട്ര കമ്പനികളുടെയും ശ്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന് നോട്ടപ്പുള്ളിയായി മാറിയ ഫാ. സ്റ്റാൻ ലൂർദ്സ്വാമി എന്ന 87 വയസ്സുള്ള വൈദികനെ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ മാവോയിസ്റ്റ് എന്ന് മുദ്രകുത്തിയാണ് ദേശീയ അന്വേഷണ ഏജൻസി ഇക്കഴിഞ്ഞ ഒക്ടോബർ എട്ടിന് ഭിമ-കൊറേഗാവ് കേസിൽ ജയിലിലടച്ചത്.
പാർക്കിൻസൺസ് രോഗിയായ ഈ വയോധികന് ജാമ്യം മാത്രമല്ല, വെള്ളം കുടിക്കാൻ സ്ട്രോ പോലും നിഷേധിക്കപ്പെട്ടു. ഇതേ കേസിൽ 2018 ആഗസ്റ്റ് 28ന് അറസ്റ്റിലാക്കപ്പെട്ട കവിയും തെലുഗു സാഹിത്യത്തിലെ മികച്ച നിരൂപകനുമായ പ്രഫ. പി. വരവരറാവുവിനെ കോവിഡ് രോഗികൾക്കൊപ്പം പാർപ്പിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കാൻ ദേശീയ മനുഷ്യാവകാശ കമീഷൻ ഇടപെടേണ്ടിവന്നു.
ചൂഷണത്തിനിരയാവുന്ന ആദിവാസികൾക്കും സ്ത്രീകൾക്കും തൊഴിലാളികൾക്കും വേണ്ടി വാദിക്കുന്ന ഛത്തിസ്ഗഢിലെ അഡ്വ. സുധ ഭരദ്വാജ് ഭിമ കൊറേഗാവ് കേസിൽ വിചാരണപോലും നിഷേധിക്കപ്പെട്ട് യു.എ.പി.എ വകുപ്പുപ്രകാരം ജാമ്യമില്ലാത്ത തടവിലാണ്. മുതിർന്ന മനുഷ്യാവകാശ-മാധ്യമ പ്രവർത്തകൻ ഗൗതം നവ്ലാഖയും ഇതേ കേസിൽ മഹാരാഷ്ട്രയിലെ തലോജ ജയിലിലാണ്.
മോഷണം പോയ കണ്ണടക്ക് പകരമൊന്ന് സ്വീകരിക്കാൻ പോലും 70കാരനായ ഈ മാധ്യമപ്രവർത്തകന് അനുമതിയില്ല. ജാതീയതക്കെതിരെ നിലകൊണ്ട മലയാളിയായ ഡൽഹി സർവകലാശാല അധ്യാപകൻ ഡോ. ഹാനി ബാബുവിനെയും ഇതേ കേസിലാണ് മാവോയിസ്റ്റ് മുദ്രചാർത്തി ജയിലിലടച്ചത്.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഭാഗമായ ജെ.എൻ.യുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്, പിഞ്ച്റാതോഡ് സംഘാടകരായ നതാഷ നർവാൾ, ദേവാംഗന കാലിത തുടങ്ങിയവരെ ഡൽഹി കലാപക്കേസിൽ കുരുക്കി യു.എ.പി.എ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്.
ഹാഥറസിൽ ബലാത്സംഗക്കൊലക്ക് ഇരയായ ദലിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഏറക്കാലം അഭിഭാഷകനുമായി ആശയവിനിമയത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.