ബംഗളൂരു: താൻ വിഷപ്പാമ്പാണെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കെതിരെ പോരാടുന്നത് കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടി തന്നെ വെറുക്കുന്നതെന്ന് മോദി പറഞ്ഞു. കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അഴിമതി വേരോടെ പിഴുതെറിഞ്ഞ് ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കാൻ തന്റെ സർക്കാർ അഹോരാത്രം പ്രയത്നിക്കുകയാണ്. കോൺഗ്രസിന് അത് സഹിക്കുന്നില്ല. അതാണ് അവരെന്നെ വിഷപ്പാമ്പ് എന്ന് വിളിക്കാൻ കാരണം. ഞാൻ പറയട്ടെ, ദൈവത്തിന്റെ കഴുത്തിൽ പാമ്പ് ചുറ്റിപ്പിണഞ്ഞു കിടപ്പുണ്ടല്ലോ. ആ ദൈവത്തിനു തുല്യമായാണ് ഈ രാജ്യത്തെ ആളുകൾ ഇപ്പോൾ എന്നെ കാണുന്നത്. അവർക്കൊപ്പം തന്നെയുള്ളതിനാൽ ഞാനവരുടെ സ്വന്തം പാമ്പാണ്. കോൺഗ്രസിന്റെ ജൽപനങ്ങൾക്ക് മേയ് 13ന് കർണാടക മറുപടി നൽകും''-'മോദി പറഞ്ഞു.
കോൺഗ്രസിനെ കമ്മീഷൻ പാർട്ടിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു. 85ശതമാനം കമ്മീഷൻ പാർട്ടിയാണ് കോൺഗ്രസ്. ഒരിക്കൽ അവരുടെ പ്രധാനമന്ത്രി തന്നെ ഇക്കാര്യം സമ്മതിച്ചതാണ്. കർണാടകയിൽ അധികാരത്തിലെത്താൻ അവർ പരിശ്രമിക്കുകയാണ്. അങ്ങനെ സംസ്ഥാനത്തെ കൊള്ളയടിക്കാമല്ലോ. എന്നാൽ ഇരട്ട എൻജിനുള്ള സർക്കാരിന്റെ കാര്യക്ഷമതയെ കുറിച്ച് ജനങ്ങൾക്ക് ബോധ്യമുള്ളിടത്തോളം കാലം അങ്ങനെയൊന്ന് സംഭവിക്കില്ല. കോലാറിലെ ജനങ്ങൾ കോൺഗ്രസിനും ജെ.ഡി-എസിനും ഉറക്കമില്ലാത്ത രാത്രികളായിരിക്കും നൽകുക''-മോദി പറഞ്ഞു.
കർണാടകയിൽ ഗദകിലെ റോണിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് ഖാർഗെ വിവാദ പരാമർശം നടത്തിയത്. ‘മോദി വിഷപ്പാമ്പിനെ പോലെയാണ്. അതു വിഷമുള്ളതാണോ അല്ലയോ എന്ന് പരീക്ഷിക്കാൻ ശ്രമിക്കേണ്ട. അതു രുചിച്ചാൽ നിങ്ങൾ മരിക്കും.’- ഖാർഗെ പറഞ്ഞു. ഇതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തുവന്നപ്പോൾ അദ്ദേഹം, പരാമർശം പിൻവലിക്കുന്നതിന് പകരം, മോദിയെയല്ല ബി.ജെ.പിയെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തത വരുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.