ന്യൂഡൽഹി: ഒരു സംഘടനയെയും പിന്തുണക്കുന്നില്ലെന്നും താൻ രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും സോഷ്യൽ ആക്ടിവിസ്റ്റ് എന്ന് അവകാശപ്പെടുന്ന അണ്ണാ ഹസാരെ. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ വിമർശനങ്ങളോട് പ്രതികരിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ ആവശ്യത്തിന് മറുപടിയായാണ് അണ്ണാ ഹസാരെ ഇങ്ങനെ മറുപടി പറഞ്ഞത്.
‘ഞാൻ ഒരു സംഘടനയെയും പാർട്ടിയെയും വ്യക്തിയെയുമൊന്നും പിന്തുണക്കുന്നില്ല. എന്റെ ഏക ഉദ്ദേശ്യം സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുകയെന്നതാണ്. ആളുകൾ എന്തും പറഞ്ഞോട്ടെ, അതെനിക്ക് പ്രശ്നമല്ല. എല്ലാവർക്കും സത്യമറിയാം’ -അണ്ണാ ഹസാരെ പറഞ്ഞു. യു.പി.എ ഭരണ കാലത്ത് അഴിമതിക്കെതിരെ സമരകാഹളവുമായി രംഗത്തുവന്ന അണ്ണാ ഹസാരെ ബി.ജെ.പി അധികാരത്തിലെത്തിയതിൽപിന്നെ സാമൂഹിക വിഷയങ്ങളിലൊന്നും ഇടപെടാറില്ല. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനായിരുന്നു അന്ന് അണ്ണാ ഹസാരെയുടെ സമര നാടകമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഹസാരെയുടെ പ്രതികരണത്തിന് താഴെ കടുത്ത രീതിയിലാണ് നെറ്റിസൺസ് പ്രതികരിക്കുന്നത്. ‘ഇയാൾ ആക്ടിവിസ്റ്റല്ല, ആന്റി-സോഷ്യൽ ആക്ടിവിസ്റ്റാണ്’ എന്നായിരുന്നു ഒരു കമന്റ്. ‘ബി.ജെ.പിയും മോദിയും എപ്പോഴൊക്കെ കുരുക്കിലാകുന്നുണ്ടോ, അപ്പോഴൊക്കെ ഇയാൾ പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ’ എന്ന് മറ്റൊരു കമന്റ്. ‘നിങ്ങൾ ഇനി മിണ്ടിപ്പോകരുത്! എന്തൊരു നുണയനാണ് നിങ്ങൾ. ബി.ജെ.പിയിൽനിന്ന് 2012ൽ വൻതുക വാങ്ങി ലോക്പാലിന്റെ പേരിൽ സമരരംഗത്തിറങ്ങിയ ആളാണ്. ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ ഇയാളെ പിന്നെ കണ്ടിട്ടേയില്ല. ഇപ്പോൾ ഇയാൾക്ക് ലോക്പാലും വേണ്ട. മഹാതട്ടിപ്പുകാരൻ..’ -ഒരു കമന്റ് ഇങ്ങനെയായിരുന്നു.
അണ്ണാ ഹസാരെയെ ശരദ് പവാർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വിമർശിച്ചിരുന്നു. ‘വർഷങ്ങൾക്ക് മുമ്പ് അണ്ണാ ഹസാരെയും ഡെപ്യൂട്ടി കമീഷണറായിരുന്ന ജി.ആർ. ഖൈർനാറുമാണ് എനിക്കെതിരെ രംഗത്തുണ്ടായിരുന്നത്. ലോഡുകണക്കിന് തെളിവുകൾ എനിക്കെതിരെ ഉണ്ടെന്നാണ് അവർ അവകാശപ്പെട്ടിരുന്നത്. ഈ ആരോപണങ്ങളും അന്വേഷിക്കപ്പെട്ടിരുന്നു. ഒടുവിൽ ഇവയെല്ലാം അടിസ്ഥാനരഹിതമായിരുന്നുവെന്ന് കണ്ടെത്തി. ആ ഖൈർനാറിനും അണ്ണാ ഹസാരെക്കുമൊക്കെ എന്തു സംഭവിച്ചു? അവരൊക്കെ ഇന്ന് എവിടെയാണ്?’ -ഇതായിരുന്നു പവാറിന്റെ ചോദ്യം. ഇതിന് മറുപടിയായാണ് അണ്ണാ ഹസാരെയുടെ കമന്റ്.
വർഷങ്ങൾക്കു മുമ്പു തന്നെ അണ്ണാ ഹസാരെയും എൻ.സി.പിയും തമ്മിൽ ശക്തമായ ‘പോരാട്ടം’ തുടങ്ങിയിരുന്നു. അണ്ണാ ഹസാരെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാരോപിച്ച് 2011ൽ ശരദ് പവാർ കടുത്ത വിമർശനം അഴിച്ചുവിട്ടിരുന്നു. പിന്നീടും ഇരുകൂട്ടരും കടുത്ത വാഗ്വാദത്തിലേർപ്പെട്ടതിനൊടുവിൽ 2017ൽ ഹസാരെക്കെതിരെ പവാർ കോടതിയെ സമീപിച്ചു. പഞ്ചസാര ഫാക്ടറികളുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹസാരെ നൽകിയ പൊതുതാൽപര്യ ഹരജിയിൽ ശരദ് പവാറിന്റെ പേർ ഉൾപ്പെടുത്തിയതോടെയായിരുന്നു അത്.
ഇതിനുശേഷം അണ്ണാ ഹസാരെ ആർ.എസ്.എസ് ഏജന്റാണെന്ന് തുറന്നടിച്ച് എൻ.സി.പി രംഗത്തെത്തി. ആർ.എസ്.എസ് ഗൂഢാലോചനക്കനുസരിച്ചാണ് അണ്ണാ ഹസാരെയുടെ സമീപനങ്ങളെന്നും ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിൽ പഞ്ചസാര ഫാക്ടറി അഴിമതിയുടെ പേരിൽ അയാൾ ഒരുവിധ പ്രതിഷേധമോ പ്രക്ഷോഭമോ നടത്തുന്നില്ലെന്നും എൻ.സി.പി 2017ൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.