ബംഗളൂരു: കർണാടകയിലെ സർക്കാർ പി.യു കോളേജിൽ ആരംഭിച്ച ഹിജാബ് വിവാദം സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നു. ഹിജാബ് ധരിച്ചതിന്‍റെ പേരിൽ സ്കൂളുകളിലും കോളേജുകളിലും പ്രവേശനം നിഷേധിക്കുന്ന സാഹചര്യത്തിൽ കർണാടകയിലെ മുസ്ലീം വിദ്യാർഥികൾ 'ഐ ലവ് ഹിജാബ്' കാമ്പയിന് തുടക്കമിട്ടിരിക്കയാണ്. ഹിജാബ് ധരിച്ച് തന്നെ ക്ലാസുകളിൽ പങ്കെടുക്കുമെന്നുള്ള ഉഡുപ്പി ജില്ലയിലെ വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാമ്പയിൻ പ്രവർത്തകർ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭരണകക്ഷിയായ ബി.ജെ.പി കാമ്പയിനെ താലിബാനിസമെന്ന് ആക്ഷേപിച്ച് ഗതി തിരിച്ചു വിടാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് രൂക്ഷമായികൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തെക്കുറിച്ച് ചർച്ച ചെയ്യാന്‍ ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. മുസ്ലീം വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഷ്കർഷിച്ച യൂണിഫോം കോഡിൽ തന്നെ വരണമെന്ന് മുഖ്യമന്ത്രി ബൊമ്മൈയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിദ്യാഭ്യാസ മന്ത്രി നാഗേഷ് പറഞ്ഞു.
ഹിജാബ് വിവാദം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കിയതിന് പിന്നിൽ രാജ്യത്തിനെതിരായ ചിലരുടെ പ്രൊപ്പഗണ്ടയാണെന്നും വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആരോപിച്ചു. സ്വകാര്യവും മതപരവുമായ കാര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിരോവസ്ത്രത്തിനെതിരെ പ്രതിഷേധവുമായി കാവി ഷാൾ ധരിച്ച് ധരിച്ച് ചില വിദ്യാർഥികൾ കാമ്പസുകളിൽ വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
ഇന്നലെ പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾക്ക് കോളജിൽ പ്രവേശനം നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഭരണകക്ഷിയായ ബി.ജെ.പി സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ഹിജാബ് വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അഭിപ്രായപ്പെട്ടത്. ഹിജാബ് വിവാദത്തിൽ വിദ്യാർഥികൾ പരസ്യമായി രംഗത്തിറങ്ങിയാൽ സർക്കാറിന് അത് താങ്ങാനാകില്ലെന്ന് മുൻ കോൺഗ്രസ് മന്ത്രിയായിരുന്ന യു.ടി ഖാദർ ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.