ചന്ദ്രയാനിലെ യാത്രക്കാർക്ക് അഭിനന്ദനങ്ങൾ -ചിരി പടർത്തി കോൺഗ്രസ് മന്ത്രിയുടെ കമന്‍റ്

ജയ്പൂർ: ചന്ദ്രയാൻ-3ന്‍റെ സോഫ്റ്റ്ലാൻഡിങ് വിജയമായതിന്‍റെ ആഹ്ലാദത്തിലാണ് രാജ്യം. നേട്ടം സാധ്യമാക്കിയ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം പ്രസ്താവന നടത്തിയിരുന്നു. ഇതിനിടെ കോൺഗ്രസ് നേതാവിന്‍റെ അബദ്ധജഡിലമായ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുകയാണ്. ചന്ദ്രയാനിലെ യാത്രക്കാർക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നാണ് കോൺഗ്രസ് നേതാവും രാജസ്ഥാൻ കായിക മന്ത്രിയുമായ അശോക് ചന്ദ്ന പ്രതികരിച്ചത്.

‘‘നമ്മൾ വിജയിച്ചിരിക്കുന്നു. സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുന്നു. ചന്ദ്രയാനിലെ എല്ലാ യാത്രികരെയും ഞാൻ സല്യൂട്ട് ചെയ്യുന്നു’’ എന്നാണ് മന്ത്രി പറഞ്ഞത്. ശാസ്ത്രത്തിലും ബഹിരാകാശ ഗവേഷണത്തിലും നമ്മുടെ രാജ്യം ഒരു പടി കൂടി മുന്നോട്ട് പോയി. എല്ലാ ഇന്ത്യക്കാരെയും ഞാൻ അഭിനന്ദിക്കുന്നു -മന്ത്രി പറഞ്ഞു.

മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസ ട്രോളുകൾ നിറഞ്ഞിട്ടുണ്ട്. എന്താണ് ചന്ദ്രയാൻ-3 എന്ന് പോലുമറിയാതെയാണ് മന്ത്രിയുടെ പ്രതികരണമെന്ന് നിരവധി നെറ്റിസൺസ് കമന്‍റ് ചെയ്തു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ അടുത്തയാളാണ് അശോക് ചന്ദ്ന. രാജസ്ഥാനിൽ കോൺഗ്രസിന്റെ വളർന്നുവരുന്ന പ്രമുഖ നേതാവായാണ് ഇദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറ്.

2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 കുതിച്ചുയർന്നത്. ഇന്നലെ 6.3ഓടെ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തുകയും ചെയ്തു. നാല് മണിക്കൂറിന് ശേഷം റോവർ ചന്ദ്രന്‍റെ മണ്ണിൽ ഇറങ്ങി. റോവർ ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ ലാൻഡറിലെ കാമറ പകർത്തി പുറത്തുവിട്ടു.

ഭൂമിയിലെ 14 ദിവസത്തിന് സമാനമാണ് ഒരു ചാന്ദ്രദിനം. ലാൻഡറിന്‍റെയും റോവറിന്‍റെയും ആയുസ് ഒരു ചാന്ദ്രദിനം മാത്രമാണ്. ഈ 14 ദിവസമാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ പരീക്ഷണം നടത്തുക. റോവർ കണ്ടെത്തുന്ന വിവരങ്ങൾ ലാൻഡറിന് കൈമാറും. ലാൻഡർ ഈ വിവരങ്ങൾ ബം​ഗ​ളൂ​രു ബ്യാ​ല​ലു​വി​ലെ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഇ​ന്ത്യ​ൻ ഡീ​പ് സ്​​പേ​സ് നെ​റ്റ്‍വ​ർ​ക്കി​ന് (ഐ.​ഡി.​എ​സ്.​എ​ൻ) കൈമാറും.

Tags:    
News Summary - I salute all passengers of Chandrayaan-3 says Rajasthan minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.