ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ കോടാലികൊണ്ട് പിറകിൽനിന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കുടുംബം. തൈക്വോണ്ടോ മെഡലുകൾ വാരിക്കൂട്ടിയ മകളെ പിന്നിൽ നിന്ന് ആക്രമിക്കാതിരുന്നെങ്കിൽ അവൾ പ്രതിരോധിക്കുമായിരുന്നുവെന്ന് കുടുംബം. ഡൽഹിയിലെ മോത്തതി ബാഗ് പ്രദേശത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം.
16ാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങവെയാണ് കൊലപാതകം. എട്ടുമാസത്തോളം പെൺകുട്ടിയെ ശല്യപ്പെടുത്തുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത പ്രതിയായ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന്‍റെ ദൃക്സാക്ഷിയായിരുന്നു മാതാവ്. എന്നാൽ സ്വന്തം മകളാണ് അതിക്രമത്തിന് ഇരയാകുന്നതെന്ന് തിരിച്ചറിയാൻ മാതാവിന് സാധിച്ചിരുന്നില്ല. പ്രതിയായ പ്രദീപിനെ തൂക്കിക്കൊല്ലണമെന്ന് 40കാരിയായ മാതാവ് ആവശ്യപ്പെട്ടു. ഇവരുടെ മൂന്നുമക്കളിൽ ഒരാളാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. മകൾ ആയോധന കലകൾ അഭ്യസിച്ചിരുന്നതായും പ്രദീപ് ശല്യപ്പെടുത്താൻ തുടങ്ങിയതുമുതൽ ശ്രദ്ധാലുവായിരുന്നുവെന്നും മാതാവ് പറഞ്ഞു.
'വീടിന് പുറത്ത് തുണി ഉണക്കുകയായിരുന്ന സമയത്ത് റോഡിന്‍റെ മറുവശത്തെ പാർക്കിൽവെച്ച് ഒരു പെൺകുട്ടിയെ ഒരാൾ പിന്തുടരുന്നത് കണ്ടിരുന്നു. അവൾ താഴെ വീണപ്പോൾ അവളുടെ തലക്ക് അടിച്ചശേഷം അയാൾ ഓടിപ്പോകുന്നതായി കണ്ടു. അതുവരെ, എനിക്ക് അതെന്‍റെ മകളായിരുന്നുവെന്ന് അറിയില്ലായിരുന്നു. അവൾ കൊല്ലപ്പെട്ടത് എന്‍റെ കൺമുമ്പിൽ വെച്ചായിരുന്നു. അവൾ സഹായത്തിനായി അലറി കരയുന്നുണ്ടായിരുന്നുവെങ്കിലും എനിക്ക് സഹായിക്കാൻ കഴിഞ്ഞില്ല' - മാതാവ് പറയുന്നു.
പ്രദീപ് മകളെ ശല്യം ചെയ്യുന്നത് വീട്ടിൽ അറിയിച്ചിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറയുന്നു. രണ്ടുമാസം മുമ്പ് പ്രദീപിന് പിതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ പ്രതിയും സുഹൃത്തുക്കളുമായും വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. അതോടെ അവൻ ഉപദ്രവം നിർത്തുമെന്നായിരുന്നു കരുതിയത്. അതിനാൽ പൊലീസിൽ പരാതി നൽകിയിരുന്നില്ല. സംഭവത്തിന് ശേഷം ദിവസവും മകളെ കൊണ്ടുവിടുകയാണ് പതിവ്. എന്നാൽ ജൂലൈ 12ന് മകൾ തനിച്ചുപോകുകയായിരുന്നുവെന്നും പിതാവ് പറയുന്നു.
പ്രതി പ്രദീപിനെ ഹരിയാനയിലെ സഹോദരിയുടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.