ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് തിടുക്കത്തിൽ അനുമതി നൽകിയതിനെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. വാക്സിനുകൾ ശരിയായ രീതിയിൽ പരിശോധന നടത്താതെ തിടുക്കത്തിൽ അനുമതി നൽകിയെന്നും ഇൗ വാക്സിനുകളിൽ ഒന്നും താൻ സ്വീകരിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങി. നമ്മൾ, പ്രത്യേകിച്ച് നഗരങ്ങളിൽ വസിക്കുന്നവർക്ക് ആർജിത പ്രതിരോധ ശേഷിയും ലഭിച്ചു. ആരോഗ്യമുള്ളവരെ കോവിഡ് ബാധിക്കുന്നില്ല. മരണനിരക്ക് ആയിരത്തിൽ ഒന്നുമായി. അതുകൊണ്ടുതന്നെ മതിയായ പരിശോധനകൾ നടത്താതെ വാക്സിനുകൾക്ക് രാജ്യം തിടുക്കത്തിൽ അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
'ഇപ്പോൾ, ഇന്ത്യയിലെ കോവിഡ് കേസുകൾ കുത്തനെ കുറയുന്നു. നമ്മൾ, നഗരങ്ങളിലുള്ളവർ ആർജിത പ്രതിരോധ ശേഷി നേടി. ആരോഗ്യമുള്ള ആളുകളെയും കുട്ടികളെയും കോവിഡ് ബാധിക്കുന്നില്ല. കോവിഡിന്‍റെ മരണനിരക്ക് ആയിരത്തിൽ ഒന്നും. ശരിയായ പരിശോധനകൾക്ക് വിധേയമാക്കാതെ വാക്സിനുകൾക്ക് തിടുക്കത്തിൽ അനുമതി നൽകി. ഞാൻ ഈ വാക്സിനുകൾ എടുക്കില്ല' -പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
രാജ്യത്ത് വാക്സിനുകൾക്ക് തിടുക്കത്തിൽ അനുമതി നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. കോവാക്സിന് അനുമതി നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടില്ലെന്നും അതിനാൽ അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
രാജ്യത്ത് കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനുമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. രണ്ടു വാക്സിനുകളുടെയും പരീക്ഷണ ഫലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയതായും അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗത്തിന് അനുമതി നൽകുകയുമാണെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.