'ഹിന്ദുക്കളും മറാത്തികളും തീരുമാനിച്ചാൽ...'; പാകിസ്താൻ അനുകൂല മുദ്രാവാക്യ വിവാദം; ഭീഷണിയുമായി രാജ് താക്കറെ

മുംബൈ: പുണയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രതിഷേധ മാർച്ചിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന ആരോപണങ്ങൾക്കിടെ ഭീഷണിയുമായി മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. ഹിന്ദുക്കളും മറാഠികളും വിഷയം ഏറ്റെടുക്കാൻ തീരുമാനിച്ചാൽ, ഉത്സവ സമയങ്ങൾ അസ്വസ്ഥമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

'ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളും നമ്മുടെ മറാത്തി ഹിന്ദുക്കളും വിഷയം ഏറ്റെടുക്കാൻ തീരുമാനിച്ചാൽ, ഈ നീചന്മാർ എങ്ങനെ നേരിടും? അത് ഇവിടെ പറയാൻ എന്നെ നിർബന്ധിക്കരുത്! ഇങ്ങനെ സംഭവിച്ചാൽ ആഘോഷ വേളകളിൽ അസ്വസ്ഥതയുണ്ടാകും. അതുകൊണ്ട് ഈ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കുന്നതാണ് നല്ലത്' -രാജ് താക്കറെ പ്രസ്താവനയിൽ പറഞ്ഞു.

അവരുടെ മാനസികാവസ്ഥ അങ്ങനെയാണെങ്കിൽ, മതവും കൈയിലെടുത്ത് അവർ പാകിസ്താനിലേക്ക് പോകട്ടെ. ഇത്തരത്തിലുള്ള നാടകം നമ്മുടെ രാജ്യത്ത് അനുവദിക്കില്ല. പി.എ എന്ന ശബ്ദം പോലും പുറത്തുവരാത്ത തരത്തിൽ ഇത്തരം സംഘടനകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേന്ദ്ര-സംസ്ഥാന ആഭ്യന്തര മന്ത്രിമാരോട് ഞാൻ ആത്മാർഥമായി അഭ്യർഥിക്കുന്നു. ഇല്ലെങ്കിൽ നമ്മുടെ രാജ്യത്തെ ഹിന്ദുക്കൾ അത് നോക്കി നിൽക്കില്ല. എന്ത് സംഭവിക്കാം എന്നതിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച ജില്ല കലക്ടറുടെ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ റാലിക്കിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചെന്ന ആരോപണവുമായി ബി.ജെ.പിയാണ് രംഗത്തുവന്നത്. വിഡിയോയും പുറത്തുവിട്ടിരുന്നു. വിഡിയോ പരിശോധിച്ചശേഷം ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തള്ളിപ്പറഞ്ഞ മഹാരാഷ്ട്ര കോൺഗ്രസ് തലവൻ നാന പട്ടോളെ, പി.എഫ്.ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അറിയിച്ചു.

Tags:    
News Summary - 'If Hindus decide to...' Raj Thackeray warns of 'unrest' on pro-Pakistan slogans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.