ചെന്നൈ: ഭാഷ ഒരു വംശത്തിന്റെ രക്തത്തിലലിഞ്ഞതാണെന്നും അത് നശിച്ചാൽ വംശവും ഇല്ലാതാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ് ഭാഷയോടുള്ള അവഗണന ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ചെന്നൈയിൽ നടന്ന തമിഴ് ഇസൈ സംഘത്തിന്റെ 80-ാമത് വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ് ഭാഷ അവഗണിക്കപ്പെടുന്നുണ്ടെന്നും തമിഴ് പാട്ടുകൾ പാടുന്നതിനെ ചിലർ വിലക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. "നൂറ്റാണ്ടുകളായി തമിഴ്നാട് നിരവധി സാംസ്കാരിക അധിനിവേശങ്ങൾ നേരിട്ടിട്ടുണ്ട്. വിദേശ അധിനിവേശം കാരണം സംസ്ഥാനം ഒരുപാട് കഷ്ടപ്പെടുകയും നാടിന്‍റെ അവകാശങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. വിദേശ ഭാഷ സംസാരിക്കുന്നവരുടെ നിർദേശം കാരണം സംസ്ഥാനം അവഗണിക്കപ്പെട്ടു"- സ്റ്റാലിൻ പറഞ്ഞു.
തമിഴിനേക്കാള്‍ പ്രാധാന്യം മറ്റൊരു ഭാഷക്ക് നല്‍കില്ലെന്ന് പറയുന്നത് മറ്റ് ഭാഷകളോടുള്ള വെറുപ്പിനെയല്ല സൂചിപ്പിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എത്രഭാഷ വേണമെങ്കിലും ഒരാൾക്ക് പഠിക്കാം. പക്ഷെ ഏതെങ്കിലുമൊന്നിനെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാനം അത് അംഗീകരിക്കില്ലെന്നും അതാണ് തങ്ങളുടെ ഭാഷാ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.