ന്യൂഡൽഹി: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബൈക്കിൽ മൂന്ന് പേർ യാത്ര ചെയ്യുന്നതിന് പിഴയീടാക്കില്ലെന്ന പ്രഖ്യാപനവുമായി സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് ഓം പ്രകാശ് രാജ്ഭർ. 70 സീറ്റുകളുള്ള ട്രെയിൻ 300 പേരുമായി യാത്ര ചെയ്യുന്നതിന് പിഴയീടാക്കാറില്ല. അപ്പേൾ ബൈക്കുകളിൽ മൂന്ന് പേരുമായി സഞ്ചരിക്കുന്നതിന് പിഴ ഈടാക്കേണ്ട ആവശ്യയമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
തങ്ങളുടെ സർക്കാർ അധികാരത്തിൽ എത്തിയാൽ മൂന്ന് പേർക്ക് ബൈക്കിൽ യാത്ര ചെയ്യാനാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, അത് നടപ്പിലാക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ ജീപ്പുകളിലും ട്രെയിനുകളിലും കൂടുതൽ ആളുകളെ കയറ്റുന്നതിന് പിഴയീടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യം ചേർന്നാണ് രാജ്ഭറിന്റെ എസ്.ബി.എസ്.പി മത്സരിക്കുക. 403 സീറ്റുകളുള്ള യുപി നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 10 ന് നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.
2017ലെ ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജ്ഭറിന്റെ പാർട്ടിയുമായി ബിജെപി സഖ്യമുണ്ടാക്കിയത്. എസ്.ബി.എസ്.പി എട്ട് സീറ്റിൽ മത്സരിക്കുകയും നാലിടത്ത് വിജയിക്കുകയും ചെയ്തിരുന്നു. യു.പി സർക്കാരിൽ രാജ്ഭർ ക്യാബിനറ്റ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ യോഗി സർക്കാർ തന്റെ പാർട്ടിയെ അവഗണിക്കുകയും വശത്താക്കുകയും ചെയ്തതായി നേതാവ് ആരോപിച്ചു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ച് ഒരു ദിവസത്തിന് ശേഷം അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ബിജെപി അംഗങ്ങളെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് രാജ്ഭർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.