ഛണ്ഡിഗഡ്: ‘ദേശ് കി ബേട്ടി’യിൽ നിന്ന് ‘കോങ് കി ബേട്ടി’ ആവാൻ വിനേഷ് ഫോഗട്ട് ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ ഞങ്ങൾ എന്തിന് എതിർക്കണമെന്ന പരിഹാസവുമായി ഹരിയാനയിലെ മുതിർന്ന ബി.ജെ.പി നേതാവ് അനിൽ വിജ്. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയയും ഫോഗട്ടിനെയും കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഹരിയാന മുൻ ആഭ്യന്തര മന്ത്രിയുടെ ഈ പരിഹാസം.
ആദ്യ ദിവസം മുതൽ തന്നെ ഈ കളിക്കാരെ തങ്ങളോടൊപ്പം കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും അവരുടെ പ്രേരണ മൂലമാണ് ഗുസ്തിക്കാർ ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചതെന്നും അല്ലാത്തപക്ഷം വിഷയം വളരെ മുമ്പുതന്നെ പരിഹരിക്കപ്പെടുമായിരുന്നുവെന്നും വിജ് കുറ്റപ്പെടുത്തി.
ഫോഗട്ടും പുനിയയും ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും മറ്റ് മുതിർന്ന നേതാക്കളെയും കാണുകയും ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നതായി എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫോഗട്ട് ഇന്ത്യൻ റെയിൽവേയിൽ നിന്ന് വെള്ളിയാഴ്ച രാജിവെക്കുകയും ചെയ്തു.
ടോക്കിയോ ഗെയിംസ് വെങ്കല മെഡൽ ജേതാവാണ് പുനിയ. ഫോഗട്ട് ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ വനിതാ ഗുസ്തിക്കാരിയായി. 50 കിലോഗ്രാം വിഭാഗത്തിൽ 100 ഗ്രാമിന് മുകളിൽ ഭാരം കണ്ടെത്തി അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് അവർ കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.