ന്യൂഡൽഹി: താമസസ്ഥലത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇ.എസ്.ഐ) ആശുപത്രിയില്ലെങ്കിൽ ഗുണഭോക്താവിന് ഇ.എസ്.ഐയിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ തേടാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. 10 കി.മീറ്റർ ചുറ്റളവിൽ ഇ.എസ്.ഐ ആശുപത്രിയോ ആരോഗ്യകേന്ദ്രമോ ഇൻഷുറൻസ് മെഡിക്കൽ പ്രാക്ടീഷനറോ ഇല്ലെങ്കിലാണ് ഈ ആനുകൂല്യം. ഗുണഭോക്താവിനും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സ ലഭിക്കും.
എംപാനൽ ചെയ്ത ആശുപത്രികളിലെ ഒ.പി വിഭാഗത്തിൽ പണം അടക്കാതെ ചികിത്സ തേടാം. ഇ.എസ്.ഐ കാർഡോ, ഹെൽത്ത് കാർഡോ ആധാറിനൊപ്പം നൽകണം. ആധാറിനുപകരം മറ്റ് ഔദ്യോഗിക രേഖകളും പരിഗണിക്കും. മരുന്നിന് പണം നൽകേണ്ടിവന്നാൽ സമീപ ഇ.എസ്.ഐ ഡിസ്പെൻസറിയിൽനിന്നോ മേഖല-ശാഖ ഓഫിസിൽനിന്നോ റീഇമ്പേഴ്സ് ചെയ്യാം. കിടത്തിച്ചികിത്സ വേണ്ടിവന്നാൽ സ്വകാര്യ ആശുപത്രി 24 മണിക്കൂറിനകം ഇ.എസ്.ഐയിൽനിന്ന് ഓൺലൈനായി അനുമതി വാങ്ങി സൗജന്യ ചികിത്സ ഉറപ്പാക്കണം.
ഗുണഭോക്താക്കളുടെ എണ്ണത്തിലെ വർധനയും കൂടുതൽ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട പശ്ചാത്തലത്തിലാണ് തീരുമാനം. 2018 മാർച്ചിലെ കണക്കനുസരിച്ച് 13 കോടി പേരാണ് ഇ.എസ്.ഐ ആനുകൂല്യത്തിന് അർഹരായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.