ശ്രീനഗർ: "മണിക്കൂറുകൾ നീണ്ട ഉപവാസത്തിനു ശേഷം ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ കഴിയാതെയാണ് അവർ പോയത് " - ഏത് ഘട്ടത്തിലും പതറാത്ത ജവാന്മാർക്ക് ഇത് പറയുമ്പോൾ കണ്ഠമിടറി. കശ്മീരിൽ ബുധനാഴ്ച തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാന്മാരായ സിയാവുൽ ഹഖ് (34), റാണ മൊണ്ഡാൽ (29) എന്നിവരെ കുറിച്ചാണിത്. റമദാൻ വ്രതം മുറിക്കാനുള്ള സാധനങ്ങൾ വാങ്ങാൻ സൗരയിലെ ബേക്കറിയിൽ നിൽക്കുമ്പോളാണ് ഇരുവരെയും ബൈക്കിലെത്തിയ തീവ്രവാദികൾ വെടിവെച്ച് കൊന്നത്. തലക്ക് വെടിയേറ്റ ഇരുവരും മരണത്തിന് കീഴടങ്ങി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ലശ്കറെ ത്വയ്ബയുടെ ഘടകമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ഏറ്റെടുത്തതായും ബി.എസ്.എഫ് അധികൃതർ വ്യക്തമാക്കി.സൗരയിൽ പിക്കറ്റ് ഡ്യൂട്ടിയിലായിരുന്ന ഇരുവരും ബുധനാഴ്ച വൈകുന്നേരം ഇഫ്താറിനുള്ള സാധനം വാങ്ങാനാണ് കടയിലെത്തിയത്. ഇതിനിടെയാണ് മാർക്കറ്റിലൂടെ മോട്ടോർ സൈക്കിളിലെത്തിയ തീവ്രവാദികൾ ഇരുവർക്കും നേരെ വെടിയുതിർത്തത്. ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും കൈക്കലാക്കി തീവ്രവാദികൾ ഇടുങ്ങിയ വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ബംഗാളിലെ മുർഷിദാബാദിൽ നിനിന്നുള്ളവരാണ് ഹഖും റാണയും. അംപൻ ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിലെ എയർപോർട്ടുകൾ അടച്ചിട്ടതിനാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാൻ സാധിച്ചിട്ടില്ല. ബിഎസ്എഫിന്റെ 37-ാം ബറ്റാലിയനിൽ നിന്നുള്ള ഇരുവരും ശ്രീനഗർ ജില്ലാ അതിർത്തിയിലെ പണ്ടച് ക്യാമ്പിൽ ഡ്യൂട്ടിയിലായിരുന്നു. ഗന്ധർബാൽ ജില്ലയിൽ നിന്ന് ശ്രീനഗറിലേക്ക് വരികയും പോവുകയും ചെയ്യുന്നവരെ നിരീക്ഷിക്കുന്ന ഡ്യൂട്ടിയായിരുന്നു ഇവർക്ക്.
2009ൽ സേനയിൽ ചേർന്ന ഹഖ് മുർഷിദാബിദിന് 30 കിലോമീറ്റർ അകലെയുള്ള റേസിനഗർ സ്വദേശിയാണ്. മാതാപിതാക്കളും ഭാര്യ നഫീസ ഖാതൂനും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. നാല് വയസുള്ള മൂത്തമകൾ സെഷ്ലിൻ ഭിന്നശേഷിക്കാരിയാണ്. ഇളയ മകൾ ജന്നിഫറിന് ആറ് മാസവും.
മുർഷിദാബാദിലെ സഹെബ്രംപുരിലാണ് റാണെയുടെ വീട്. മാതാപിതാക്കളും ഭാര്യ ജെഷ്മിൻ ഖാതൂനും ആറ് മാസം പ്രായമുള്ള മകളും അടങ്ങുന്നതാണ് കുടുംബം. ഇരുവരും കഴിഞ്ഞ ആഗസ്റ്റിനാണ് കശ്മീരിൽ ഡ്യൂട്ടിക്കെത്തുന്നത്. സഹപ്രവർത്തകരുടെ വിയോഗത്തിൽ ബി.എസ്.എഫ് ബറ്റാലിയൻ അനുശോചനം രേഖപ്പെടുത്തുന്നതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.