ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ രണ്ടു മാസമായി ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി (എ.എ.പി) നേതാവും ഓഖ്ല എം.എൽ.എയുമായ അമാനത്തുല്ല ഖാന് ഡൽഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബർ രണ്ടിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അമാനത്തുല്ലയെ അറസ്റ്റ് ചെയ്തത്. വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷൽ ജഡ്ജി ജിതേന്ദ്ര സിങ് ജാമ്യം അനുവദിച്ചത്.
കേസിൽ ഇ.ഡി നൽകിയ അധിക കുറ്റപത്രം കോടതി പരിഗണിച്ചില്ല. ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം നൽകിയത്. അമാനത്തുല്ല ബോർഡ് ചെയർമാനായിരുന്ന കാലത്ത് അനധികൃത നിയമനം നടത്തൽ ഉൾപ്പെടെ വലിയ തിരിമറികൾ നടന്നെന്നാണ് ഇ.ഡി ആരോപണം.
ചട്ടവിരുദ്ധമായി ബോർഡ് അംഗങ്ങളെ നിയമിച്ചതിലൂടെ സർക്കാറിനു വലിയ സാമ്പത്തിക നഷ്ടമുണ്ടായി. അനധികൃതമായി സ്വരൂപിച്ച 36 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇ.ഡി പറയുന്നു. അമാനത്തുല്ല ഖാന് ജാമ്യം ലഭിച്ചതിലൂടെ എതിരാളികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളക്കേസിൽ കുടുക്കുകയാണെന്നു വ്യക്തമായെന്ന് എ.എ.പി രാജ്യസഭ എം.പി സഞ്ജയ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.