മ​രു​ന്നു കുറിപ്പടിയിൽ പാർശ്വഫലങ്ങൾ എഴുതുന്നത് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മരുന്നു കുറിപ്പടികളിൽ പാർശ്വഫലങ്ങളും വിശദമാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ഹരജിയിലെ ആവശ്യങ്ങൾ നടപ്പിലാക്കിയാൽ ഒരു ഒ.പിയിൽ പത്തോ പതിനഞ്ചോ രോഗികളെയാണ് പരിശോധിക്കാനാവുക.

ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഡോക്ടർമാരെ കൊണ്ടുവരുന്നതിൽ അവർ അസന്തുഷ്ടരാണെന്നും ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. പാർശ്വഫലങ്ങൾ വ്യക്തമാക്കുന്ന രീതിയിൽ മുൻകൂട്ടി തയാറാക്കി പ്രിന്റ് ചെയ്തുവെച്ച മാതൃകകളിൽ മരുന്ന് കുറിച്ച് നൽകാമെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. മരുന്നുകളുടെ പാർശ്വഫലങ്ങളാണ് രോഗികൾ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറിപ്പടികളിൽ അത് വിശദമാക്കേണ്ടത് ആവശ്യമാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

ഓരോ രോഗിക്കും വ്യത്യസ്ത മരുന്നുകളാണ് നൽകപ്പെടുക. മരുന്നുകളുടെ കവറുകളിലെ മുന്നറിയിപ്പടക്കം വിവരങ്ങൾ സാധാരണക്കാർക്കും മനസ്സിലാകത്തക്കവണ്ണം പ്രാദേശിക ഭാഷകളിൽ തയാറാക്കുക മാത്രമാണ് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യമെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

Tags:    
News Summary - It is not practical to write side effects in the prescription -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.