ചെന്നൈ: മദ്രാസ് െഎ.െഎ.ടി പ്രവേശന നടപടികളിൽ സംവരണം പാലിക്കപ്പെടുന്നില്ലെന്ന് സ്വതന്ത്ര വിദ്യാർഥി സംഘടനയായ 'ചിന്താബാർ' ആരോപിച്ചു. സംഘടന ഭാരവാഹികൾ ദേശീയ പട്ടികജാതി കമീഷന് രേഖാമൂലം പരാതി നൽകി. കാമ്പസിലെ ജാതി വിവേചനം പരിഹരിക്കാനും എസ്.സി / എസ്.ടി പ്രവേശനങ്ങളിൽ സംവരണം ഉറപ്പാക്കാനും എസ്.സി - എസ്.ടി- ഒ.ബി.സി സെൽ സ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എല്ലാ അക്കാദമിക് പ്രോഗ്രാമുകൾക്കും റിസർവേഷൻ ബാധകമാണെങ്കിലും പല കോഴ്സുകളിലും പ്രത്യേകിച്ച് ബിരുദാനന്തര, ഗവേഷണ തലങ്ങളിൽ പാലിക്കുന്നില്ല. ഒ.ബി.സി- 27 ശതമാനം, എസ്.സി - 15 ശതമാനം, എസ്.ടി 7.5 ശതമാനം എന്നിങ്ങനെയാണ് സംവരണം.
10 വർഷത്തിനിടെ എം.ടെക്, എം.ബി.എ, എം.എസ്സി, പിഎച്ച്.ഡി കോഴ്സുകളിൽ പട്ടികജാതി പ്രവേശന േക്വാട്ടയിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എം.ബി.എയിൽ എസ്.ടി പ്രവേശനം രേഖപ്പെടുത്തിയിട്ടില്ല. ഒ.ബി.സി േക്വാട്ടയിലും കുറഞ്ഞ പ്രവേശനമാണ് നടന്നത്. 2,476 എം.എസ്സി പ്രവേശനങ്ങളിൽ ആറ് എസ്.ടി, 69 എസ്.സി വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്. പിഎച്ച്.ഡിക്കുള്ള 4,281 സീറ്റിൽ 35 എസ്.ടി, 271 എസ്.സി വിദ്യാർഥികളും പ്രവേശനം നേടിയിട്ടുണ്ട്. ഗവേഷണ മേഖലയിൽ പാർശ്വവത്കൃത വിഭാഗത്തിലെ വിദ്യാർഥികൾ തഴയപ്പെടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും ചിന്താബാർ ചൂണ്ടിക്കാട്ടി.
അപ്ലൈഡ് മെക്കാനിക്സ്, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഷയങ്ങളിൽ ഒരു പട്ടികജാതിക്കാരനു പോലും അഡ്മിഷൻ ലഭിച്ചിട്ടില്ല. കെമിസ്ട്രി, ഏറോസ്പേസ്, ബയോടെക്നോളജി, മെക്കാനിക്കൽ, മാത്തമാറ്റിക്സ് എന്നീ വകുപ്പുകളിൽ 2020 ലെ പ്രവേശനത്തിൽ എസ്.ടി സംവരണം പൂർണമായും ഒഴിവാക്കപ്പെട്ടെന്നും സംഘടന ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.