ന്യൂഡൽഹി: കോവിഡ് വന്നതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുമ്പാകെ ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഏതാനും ആഴ്ചത്തെ സാവകാശം തേടി. വ്യാഴാഴ്ച ഇ.ഡി ഓഫിസിൽ എത്തണമെന്നായിരുന്നു സമൻസ്.
ശ്വാസകോശ അണുബാധ ഉണ്ടായ സോണിയ മൂന്നു ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിശദീകരിച്ചു. പല ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്ന സോണിയ ഇ.ഡി മുമ്പാകെ വ്യാഴാഴ്ച തന്നെ ചെല്ലേണ്ടതില്ലെന്ന് നേരത്തേ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അഭിപ്രായപ്പെട്ടു. ഇ.ഡിയുടെ നടപടികളുമായി സഹകരിക്കുന്നതിന് സോണിയ തയാറാണ്. എന്നാൽ, ആരോഗ്യമാണ് ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ എട്ടിന് ഹാജരാകാനായിരുന്നു ആദ്യ സമൻസ്. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ജൂൺ 23ലേക്ക് മാറ്റിയത്. രാഹുൽ ഗാന്ധിയെ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂർ ഇ.ഡി ഇതിനിടയിൽ ചോദ്യം ചെയ്തു. പാർട്ടി പത്രമായ നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട് ഇ.ഡി സംശയിക്കുന്ന കള്ളപ്പണ ഇടപാട് മുൻനിർത്തിയാണ് നെഹ്റുകുടുംബാംഗങ്ങളെ ചോദ്യംചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.