ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരില്ലെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അമരീന്ദർ സിങ്. എന്നാൽ, കോൺഗ്രസ് വിടുമെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും അപമാനം സഹിച്ച് പാർട്ടിയിൽ തുടരാനാവില്ലെന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അമരീന്ദർ വ്യക്തമാക്കി. തന്നെ ഈ രീതിയിലല്ല കോൺഗ്രസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അമരീന്ദർ സിങ് കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അമരീന്ദർ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ അമരീന്ദർ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ഇത്തരം വാർത്തകൾ അമരീന്ദർ സിങ് പൂർണമായും നിഷേധിച്ചിരിക്കുകയാണ്.
അതേസമയം, അമരീന്ദറുമായി അനുരഞ്ജന ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. അംബിക സോണി, കമൽനാഥ് എന്നിവരാണ് അമരീന്ദറുമായി ചർച്ച നടത്താനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടത്.
നേരത്തെ സെപ്തംബർ 18ന് അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അമരീന്ദറും കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ സിധുവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ തർക്കത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം സിധുവിന്‍റെ പക്ഷത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.