ന്യൂഡൽഹി: എട്ടുവർഷം ഏറ്റവും സത്യസന്ധമായും വിശ്വാസ്യതയോടെയും പ്രവർത്തിച്ചിട്ടും അഴിമതിക്കുറ്റം ചുമത്തി ജയിലിലടക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീസ് സിസോദിയ.
എനിക്കെതിരെ കെട്ടിച്ചമച്ച എല്ലാ കേസുകളും വ്യാജമാണ്. എനിക്കും ദൈവത്തിനും ഇതെ കുറിച്ച് അറിയാം. അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയം ഭയപ്പെടുന്ന ദുർബലരും ഭീരുക്കളുമായ ആളുകൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗം മാത്രമാണിത്. അവരുടെ ലക്ഷ്യം ഞാനല്ല, നിങ്ങളാണ് കെജ്‍രിവാൾ. കാരണം ഇന്ന് ഡൽഹി മാത്രമല്ല, വലിയ വെല്ലുവിളികൾ അതിജീവിച്ച് പൊതുജനങ്ങൾക്കായി ജീവിതം മാറ്റിവെച്ച
ഒരു നേതാവെന്ന നിലയിൽ ലോകത്തെല്ലായിടത്തുമുള്ള ആളുകളും നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. -അരവിന്ദ് കെജ്‍രിവാളിനു നൽകിയ രാജിക്കത്തിൽ സിസോദിയ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും അഴിമതിയും അനുഭവിക്കുന്ന രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് കെജ്‍രിവാളെന്നും സിസോദിയ കത്തിൽ സൂചിപ്പിച്ചു.
അറസ്റ്റിലായതിനെ തുടർന്ന് എ.എ.പി നേതാക്കളായ സിസോദിയയും സത്യേന്ദർ ജെയിനും മന്ത്രിസ്ഥാനങ്ങൾ രാജി വെച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇരുവരുടെയും രാജി സ്വീകരിക്കുകയും ചെയ്തു. രാജിക്കത്ത് ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേനക്ക് അയച്ചിരിക്കുകയാണ്. മദ്യനയ കേസിലാണ് സി.ബി.ഐ സിസോദിയയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്ത് സിസോദിയ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. ഡൽഹി ഹൈകോടതിയെ സമീപിക്കാനായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.