ന്യൂഡൽഹി: കോവിഡ് പ്രതിരോധ രംഗത്ത് ജീവൻ പണയം വെച്ച് സേവനത്തിലാണ് ഡോക്ടർമാർ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കണക്കുകകൾ പ്രകാരം രണ്ടാം തരംഗത്തിൽ ഇതുവരെ 244 ഡോക്ടർമാരാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങിയ 26കാരനായ അനസ് മുജാഹിദീൻ ആണ് ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ. ഡൽഹിയിലെ ഗുരു തേജ് ബഹദൂർ ആശുപത്രിയിലെ ജൂനിയർ റസിഡന്‍റ് ഡോക്ടറായിരുന്നു അനസ്.
കഴിഞ്ഞ വർഷമുണ്ടായ ആദ്യ തരംഗത്തിൽ 736 ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മൊത്തം കണക്കെടുക്കുേമ്പാൾ ഇതുവരെ രാജ്യത്ത് 1000ത്തിലധികം ഡോക്ടർമാരാണ് കോവിഡിന് മുന്നിൽ കീഴടങ്ങിയത്.
രാജ്യത്ത് ഞായറാഴ്ച മാത്രം 50 ഡോക്ടർമാരാണ് മരിച്ചതെന്നാണ് ഐ.എം.എയുടെ റിപ്പോർട്ട്. ബിഹാറിലാണ് (69) രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ ഡോക്ടർമാർ മരണമടഞ്ഞത്. ഉത്തർപ്രദേശും (34) ഡൽഹിയുമാണ് (27) പിറകിൽ. ഇവരിൽ മൂന്ന് ശതമാനം ഡോക്ടർമാർ മാത്രമാണ് ഇതുവരെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്.
ഇന്ത്യയുടെ വാക്സിൻ യജ്ഞം തുടങ്ങി അഞ്ച് മാസം പിന്നിടുേമ്പാൾ 66 ശതമാനം ആരോഗ്യപ്രവർത്തകർ മാത്രമാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. ഡോക്ടർമാർക്ക് വാക്സിനേഷൻ പൂർത്തീകരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണെന്ന് ഐ.എം.എ അറിയിച്ചു.
ഇതുവരെ ആയിരത്തിലധികം ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് പറയപ്പെടുന്നതെങ്കിലും യഥാർഥ കണക്കുകൾ ഇതിലും കൂടിയേക്കാമെന്നാണ് ഐ.എം.എയുടെ വിലയിരുത്തൽ. ഐ.എം.എ അംഗങ്ങളായ 3.5 ലക്ഷം ഡോക്ടർമാരുടെ മാത്രം കണക്കുകളാണ് അവരുടെ പക്കൽ ഉള്ളത്. ഇന്ത്യയിൽ ആകെ 12 ലക്ഷത്തിലധികം ഡോക്ടർമാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.