ന്യൂഡൽഹി: ഇറക്കുമതി തീരുവ കൂട്ടുകയും കുറക്കുകയും ചെയ്തതോടെയാണ് പല സാധനങ്ങൾക്കും വില കുറഞ്ഞതും കൂടിയതും. ഇന്ത്യയിൽ നിർമിച്ച മൊബൈൽ ഫോൺ, ടെലിവിഷൻ എന്നിവക്ക് വില കുറയും. ഇതിന്റെ നിർമാണത്തിനുള്ള ഘടകങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറച്ചതോടെയാണ് വില കുറയാൻ വഴിയൊരുങ്ങിയത്.
എന്നാൽ, സിഗരറ്റിന് നികുതി വർധിപ്പിച്ചതോടെ വില കൂടും. ഇറക്കുമതി ചെയ്ത കാറുകളുടെയും വൈദ്യുതി വാഹനങ്ങളുടെയും തീരുവ കൂട്ടിയതിനാൽ ഇവയുടെ വില വർധിക്കും. ഇറക്കുമതി ചെയ്ത ഘടകങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ സംയോജിപ്പിക്കുന്ന വാഹനങ്ങൾക്കും വില കൂടും.
കയറ്റുമതി പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ഉൽപാദനം വർധിപ്പിക്കാനുമാണ് നിരവധി സാധനങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടിയതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇറക്കുമതി വാഹനങ്ങളുടെ തീരുവ 60 ശതമാനത്തിൽനിന്ന് 70 ശതമാനമായാണ് ഉയർത്തിയത്.
ഇറക്കുമതി ചെയ്യുന്ന സൈക്കിളുകളുടെ തീരുവ 30 ശതമാനമുണ്ടായിരുന്നത് 35 ശതമാനമാക്കി. കളിപ്പാട്ടങ്ങളുടെയും ഘടകങ്ങളുടെയും ഇറക്കുമതി തീരുവ 60 ശതമാനത്തിൽനിന്ന് 70 ശതമാനമായാണ് കൂട്ടിയത്. വെള്ളിക്കട്ടിക്കും വെള്ളി ആഭരണങ്ങൾക്കും അടിസ്ഥാന കസ്റ്റംസ് തീരുവ സ്വർണത്തിനും പ്ലാറ്റിനത്തിനും ഈടാക്കുന്നപോലെ 10 ശതമാനമാക്കി ഉയർത്തി.
വൈദ്യുതി വാഹനങ്ങളിലും മൊബൈൽ ഫോണുകളിലും ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾക്ക് തീരുവ ഒഴിവാക്കി. കാമറ ലെൻസുകൾക്കും മൊബൈൽ ഫോണുകളിലുള്ള കാമറകൾക്കും രണ്ടര ശതമാനം ഇറക്കുമതി തീരുവയും ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.